വഡോദര > ഗുജറാത്തിൽ ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേർന്ന് തല്ലിക്കൊന്നു. ലിംബാഡിയ ഗ്രാമത്തിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു വാൻകർ (45) ആണ് കൊല്ലപ്പെട്ടത്.
പാഴ്സൽ വാങ്ങിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. താന്‍ നല്കിയ പണത്തിനുള്ള ഭക്ഷണം പാര്‍സലില്ലെന്ന് പറഞ്ഞതോടെ ഹോട്ടലുടമയുമായി തർക്കത്തിലാവുകയായിരുന്നു. ഹോട്ടലുടമ രാജുവിനെ ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഹോട്ടൽ മാനേജരുടെ സഹായി എത്തുകയും ഇരുവരും ചേർന്ന് രാജുവിനെ മർദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായി പരുക്കേറ്റ രാജുവിനെ ആശുപത്രികയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി പറഞ്ഞു.