മസ്ക്കറ്റ് > മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റർ തല ഫൈനൽ മത്സരങ്ങൾ നടത്തി. മേഖലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിച്ച മുപ്പതോളം കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
റൂവി എംബിഡിയിലുള്ള കേരളാവിംഗ് ഹാളിൽ വച്ച് രാവിലെ പത്തുമണിക്കാണ് മത്സരങ്ങൾ ആരംഭിച്ചത്. എഴുത്തുകാരി ഡോ. കെ പി സുധീര മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. കെ പി സുധീരയുടെ യാത്രാവിവരണം ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനവും വേദിയിൽ നടന്നു. ചാപ്റ്റർ തല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികളെ നാട്ടിൽ വച്ചു നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് കെ സുനിൽകുമാർ അധ്യക്ഷനായ സമാപന യോഗത്തിൽ സെക്രട്ടറി അനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ. ജെ രത്നകുമാർ, ട്രഷറർ ശ്രീകുമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് മുൻ വൈസ് ചെയർമാൻ സി എം നജീബ് എന്നിവർ ആശംസകൾ നേർന്നു.