മനാമ> വിദേശ നിക്ഷേപം ആകര്ഷിക്കുന്നതിന്റെ ഭാഗമായി നിക്ഷേപകര്ക്കായി സൗദി പുതിയ ബിസിനസ് വിസ ആവിഷ്കരിച്ചു. വിദേശകാര്യ വകുപ്പുമായി ചേര്ന്ന് നിക്ഷേപ മന്ത്രാലയമാണ് ‘വിസിറ്റിംഗ് ഇന്വെസ്റ്റര്’ ബിസിനിസ് വിസ സേവനം ആരംഭിക്കുന്നത്. വിദേശ ബിസിനസുകാര്ക്ക് സൗദിയിലെ നിക്ഷേപ അവസരങ്ങള് പരിചയപ്പെടുത്തുക, നിക്ഷേപ അവസരം ആഗ്രഹിക്കുന്ന നിക്ഷേപകരുടെ യാത്ര സുഗമമാക്കുക എന്നിവയാണ് വിസ ലക്ഷ്യമിടുന്നത്. രാജ്യത്തെ നിക്ഷേപ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പഠിക്കാന് നിക്ഷേപകര്ക്ക് ഇതുവഴി സാധിക്കുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല് ഫാലിഹ് അറിയിച്ചു.
പൂര്ണമായും ഓണ്ലൈനായാണ് വിസ നല്കുക. അപേക്ഷകന് നടപടികള് പൂര്ത്തിയാക്കിയാല് അപ്പോള് തന്നെ വിസ ഇമെയിലായി ലഭിക്കും. ആദ്യ ഘട്ടത്തില് തെരഞ്ഞെടുത്ത രാജ്യങ്ങള്ക്കായിരിക്കും സേവനം ലഭ്യമാകുക. രണ്ടാം ഘട്ടത്തില് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. സൗദി സെന്ട്രല് ബാങ്ക് റിപ്പോര്ട്ട് പ്രകാരം സൗദി അറേബ്യയിലെ വിദേശ നിക്ഷേപം 2022 ല് 2 ശതമാനം വര്ധിച്ച് 2.4 ലക്ഷം കോടി റിയാലില് എത്തി.