കുവൈത്ത് സിറ്റി > കുവൈത്തില്‍ വൈദ്യുത ഉപഭോഗ സൂചിക വീണ്ടും ഉയർന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 14,380 മെഗാവാട്ടിനെ അപേക്ഷിച്ച് ഞായറാഴ്ച രാജ്യത്തെ ഇലക്ട്രിക്കൽ ലോഡ് സൂചിക 15,010 മെഗാവാട്ടിലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസായിരുന്നു.
കഴിഞ്ഞ വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗ പരിധിയായ 16,180 മെഗാവാട്ടിനെ അപേക്ഷിച്ച് ഈ വർഷം ഉപഭോഗം 17,000 മെഗാവാട്ട് കവിയുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പ്രതീക്ഷിക്കുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം യുക്തിസഹമാക്കുന്നതിന് കൺട്രോൾ സെന്റർ അണ്ടർസെക്രട്ടറി ഫാത്തിമ ഹയാത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.