ന്യൂഡൽഹി
ലൈംഗികാതിക്രമകേസില്‍ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ തുടങ്ങിയ സമരം ഒരു മാസം പിന്നിട്ട ചൊവ്വാഴ്ച ഇന്ത്യാഗേറ്റ് പരിസരത്ത് ആയിരങ്ങൾ അണിനിരന്ന മെഴുകുതിരി മാർച്ച്. സമരവേദിയായ ജന്തർമന്തറിൽനിന്ന് കാൽനടയായി താരങ്ങൾ തുടങ്ങിയ മാർച്ചിൽ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവർ അണിചേർന്നു. ഇന്ത്യാഗേറ്റ് പരിസരത്ത് എത്തിയപ്പോൾ കേന്ദ്രത്തിനും ബ്രിജ് ഭൂഷണിനും എതിരെ രാജ്യം തീർത്ത പ്രതിരോധക്കോട്ടയായി അത് മാറി. അത്യപൂർവമായിമാത്രം പ്രതിഷേധം അനുവദിക്കാറുള്ള ഇന്ത്യാഗേറ്റ് പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സംഗീത ഫോഗട്ട്, സത്യവർഥ് കടിയാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കും പങ്കെടുത്തു. സമരക്കാരുടെ അഭ്യർഥനയെത്തുടർന്ന് സ്ത്രീകൾക്കു പുറമെ സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക സംഘടനാ പ്രവർത്തകരും വിദ്യാർഥി, മഹിളാ സംഘടനാ പ്രവർത്തകരും ഒഴുകിയെത്തി. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലന്ന് സമരക്കാർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഡിഡന്റ് പി കെ ശ്രീമതി ജന്തർമന്തറിലെത്തി.