തിരുവനന്തപുരം
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഭാവി രാഷ്ട്രീയ ചലനം ചർച്ചയായി പുസ്തകപ്രകാശന വേദി. ‘രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു വേദി. ആശംസയർപ്പിക്കാനെത്തിയ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ചർച്ച തുടങ്ങി വച്ചു. ‘‘ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ കൂടുതൽ ഉയരത്തിലെത്താൻ കഴിവുണ്ട്. ഇവിടെ ഇരിക്കേണ്ടയാളല്ല. വിമർശങ്ങൾ മാന്യമായി ഉന്നയിക്കും, കാര്യങ്ങൾ നിരീക്ഷിക്കും, യൂത്ത് കോൺഗ്രസ് വേദിയിൽ പോയി ഡിവൈഎഫ്ഐയെ കണ്ട് പഠിക്കാൻ പറഞ്ഞയാളാണ്” ഇ പി പറഞ്ഞു.
കേരള നിയമസഭയിൽ വഴക്കടിക്കുന്നതിലും ഭേദം ഡൽഹിയിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നതാണെന്നായിരുന്നു എം എം ഹസന്റെ ഉപദേശം. ദേശീയതലത്തിൽ പോകാൻ കഴിവുള്ളയാളാണെന്നതിൽ സംശയമില്ല. തിരുവനന്തപുരത്തും പ്രസക്തനാണ്. ഏതു വേണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. മികച്ച പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോൾ നിയമസഭയിൽ അന്ധമായ വിമർശങ്ങളാണ്, അതും വ്യക്തിഗതവുമാകുന്നു എന്നായിരുന്നു സുധീരന്റെ വാക്കുകൾ.
അതേസമയം, പ്രവർത്തനമണ്ഡലത്തെക്കുറിച്ച് പറയാൻ ചെന്നിത്തല മുതിർന്നില്ല. കഴിഞ്ഞ രണ്ടു വർഷം സ്ഥാനമില്ലാതെ ജനങ്ങളെ സേവിച്ചു. കാര്യങ്ങളിൽ ഇടപെടാൻ സ്ഥാനമാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ അന്തസ്സത്ത ഇതാണ്. രണ്ടു മുന്നണി കൺവീനർമാരെയും ഒരേ വേദിയിൽ കണ്ടത് സന്തോഷം നൽകുന്നുവെന്നും പുസ്തകം പ്രകാശിപ്പിച്ച് കൊണ്ട് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. ശ്രേഷ്ഠ ബുക്സാണ് പ്രസാധകർ .