ന്യൂഡൽഹി
ഗ്രാമീണമേഖലകളിലെ വൻകിട ഭൂവുടമകൾ അടക്കമുള്ള സമ്പന്ന ചൂഷകവർഗത്തിനെതിരായി ചെറുകിട കർഷകരും കർഷക തൊഴിലാളികളും തൊഴിലാളിവർഗവും യോജിച്ചുള്ള മുന്നേറ്റം അനിവാര്യമായ ഘട്ടമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഗ്രാമീണ തൊഴിലാളികളുടേതായ ഒരു സംഘടന രൂപീകരിക്കേണ്ടതുണ്ട്. തൊഴിൽ, വേതനം, ലിംഗവിവേചനം, ജാതിവിവേചനം, മറ്റ് ജീവിതോപാധി പ്രശ്നങ്ങൾ തുടങ്ങി ഗ്രാമീണമേഖല അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കണം–- പി സുന്ദരയ്യ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പ്രഥമ സുന്ദരയ്യ സ്മാരക പ്രഭാഷണത്തിൽ കാരാട്ട് പറഞ്ഞു.
രാജ്യത്തെ കാർഷിക ബന്ധങ്ങളെക്കുറിച്ച് സുന്ദരയ്യ ആഴത്തിൽ മനസ്സിലാക്കിയിരുന്നു. 1964ൽ പാർടി പരിപാടിയുടെ കാർഷികമേഖലയുമായി ബന്ധപ്പെട്ട ഭാഗവും 1967ൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കർഷക മുന്നണിയുടെ കടമകൾ എന്തൊക്കെയെന്നതും തയ്യാറാക്കി. പാർടി ജനറൽ സെക്രട്ടറി ആയതിനുശേഷം ആന്ധ്രയിലെ രണ്ടു തീരദേശ ഗ്രാമങ്ങളിലെ കർഷകരുടെ സാഹചര്യങ്ങൾ പഠിച്ചുള്ള ലഘുലേഖ തയ്യാറാക്കിയിരുന്നു. കാർഷിക ബന്ധങ്ങളെക്കുറിച്ച് മാർക്സിസ്റ്റ് കാഴ്ചപ്പാടോടെയുള്ള ആഴത്തിലുള്ള ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
നവലിബറൽ പരിഷ്കാരങ്ങളുടെയും കുത്തകവൽക്കരണത്തിന്റെയും ഭാഗമായി സുന്ദരയ്യയുടെ കാലഘട്ടത്തിൽനിന്ന് വലിയ മാറ്റം നിലവിൽ ഗ്രാമങ്ങളിലെ സാഹചര്യങ്ങളിലും കാർഷിക ബന്ധങ്ങളിലും വന്നിട്ടുണ്ട്. നിലവിൽ വൻകിട കർഷകർക്കും ഭൂവുടമകൾക്കുമൊക്കെ ഭൂമിയിൽനിന്നുള്ള ആദായം മാത്രമല്ല, മറ്റു പല വരുമാനസ്രോതസ്സുകളുമുണ്ട്. ചെറുകിട കർഷകരിലും കർഷക തൊഴിലാളികളിലും മാറ്റം വന്നു. കർഷക തൊഴിലാളികളിൽ വലിയൊരു ഭാഗം കുടിയേറ്റ തൊഴിലാളികളായി മാറിയിട്ടുണ്ട്. നഗരങ്ങളിലെ കെട്ടിടനിർമാണ മേഖലയിലും മറ്റും അവർ ധാരാളമായി തൊഴിലെടുക്കുന്നു. എന്നാൽ, ഗ്രാമബന്ധം അവർ പൂർണമായും ഉപേക്ഷിച്ചിട്ടുമില്ല. മാറിയ സാഹചര്യങ്ങൾക്ക് അനുസൃതമായി ഗ്രാമങ്ങളിലെ സമ്പന്നവർഗത്തിനെതിരായി പുതിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനാകണം–- കാരാട്ട് പറഞ്ഞു. കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്ളെ അധ്യക്ഷനായി. ജനറൽ സൈക്രട്ടറി വിജൂ കൃഷ്ണൻ നന്ദിപറഞ്ഞു.