മനാമ > പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ അറബ് ഐക്യമെന്ന പ്രഖ്യാപനത്തോടെ 32-ാമത് അറബ് ലീഗ് ഉച്ചകോടിക്ക് സൗദി ചെങ്കടൽ നഗരമായ ജിദ്ദയിൽ സമാപനം. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ഉച്ചകോടി തള്ളി. സർക്കാർ സ്ഥാപനങ്ങളുടെ പരിധിക്ക് പുറത്ത് സായുധ ഗ്രൂപ്പുകളും മിലിഷ്യകളും രൂപീകരിക്കുന്നതിനുള്ള എല്ലാ പിന്തുണയും നിരസിക്കന്നതായി ഉച്ചകോടി അംഗീകരിച്ച ജിദ്ദ പ്രഖ്യാപനം വ്യക്തമാക്കി. പ്രതിസന്ധിയെ നേരിടാൻ സിറിയയെ സഹായിക്കുന്നതിനുള്ള പാൻ- അറബ് ശ്രമങ്ങൾ ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉച്ചകോടി അറബ് ലീഗിലേക്കുള്ള സിറിയയുടെ പുനഃപ്രവേശനത്തെ സ്വാഗതം ചെയ്തു.
പലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കാൻ അറബ് സമാധാന സംരംഭം എന്ന കാര്യത്തിന് ഊന്നൽ നൽകിയ ഉച്ചകോടി സുഡാനിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ സായുധ ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച് ചർച്ച നടത്താൻ ആഹ്വാനം ചെയ്തു. ലെബനനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ആവശ്യമായ പരിഷ്കാരങ്ങൾക്കും ആഹ്വാനം ചെയ്തു. യെമനിൽ സുരക്ഷയൂം സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു.
ജിദ്ദ പ്രഖ്യാപനം അറബ് സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ഉച്ചകോടിയെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനെ ഉദ്ധരിച്ച് അൽ അറബിയ ടിവി റിപ്പോർട്ട് ചെയ്തു. പലസ്തീൻ പ്രശ്നമാണ് അറബ് മേഖലയിലെ പരമ പ്രധാന വിഷയമെന്ന് മന്ത്രി വ്യക്തമാക്കി. അറബ് ലീഗിലേക്കുള്ള തിരിച്ചുവരവ് സിറിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ജിദ്ദ ഉച്ചകോടി അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത് വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്ക് തങ്ങളുടെ വിധി സ്വന്തമായി തീരുമാനിക്കാനുള്ള ശ്രമങ്ങൾക്ക് ഉച്ചകോടി തുടക്കമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച ജിദ്ദയിൽ നടന്ന ഉച്ചകോടിയിൽ 22 അംഗ രാജ്യങ്ങളുടെ രാഷ്ട്രത്തലവൻമാർ പങ്കെടുത്തു. മേഖലയുടെ സുസ്ഥിരതയ്ക്ക് നിർണായകമായ പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്തു. 12 വർഷത്തിനുശേഷം ആദ്യമായി സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് ഉച്ചകോടിയിൽ പങ്കെടുത്തു. അറബ് രാഷ്ട്ര തലവൻമാർക്കുപുറമേ ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കിയും ഉച്ചകോടിയിൽ പെടുത്തു. ഉക്രെയ്ൻ പ്രസിഡന്റ് സൗദി സന്ദർശിക്കുന്നതും അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും ആദ്യമായാണ്.
ഉച്ചകോടിയിൽ അറബ് ലീഗ് പ്രസിഡന്റ് സ്ഥാനം അൾജീരിയൻ പ്രധാനമന്ത്രി അയ്മാൻ ബെനാബ്ദറഹ്മാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന് കൈമാറി.