മണ്ണാര്‍ക്കാട്> കരിമ്പ ഇടക്കുറുശി ശിരുവാണി ജങ്ഷനടുത്ത് മരംപിടിക്കാന്‍ കൊണ്ടുവന്ന ആനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. നാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു. വെള്ളി അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം. മലപ്പുറം അരീക്കോട് കൊളക്കാടന്‍ മഹാദേവന് എന്ന കൊമ്പനാണ് പരിക്കേറ്റത്. മരംപിടിക്കാനെത്തിച്ച് തമ്പുരാന്‍ചോല പൂഴിക്കുന്നില്‍ തളച്ചിട്ടിരുന്ന മഹാദേവനെ മൂന്ന് കാട്ടാനകള്‍ തുരുതുരാ കുത്തുകയായിരുന്നു.
ആനയുടെ കണ്ണിനുതാഴെയും കാലിലും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി ഒന്നിന് ആനകള്‍ കൂട്ടമായി വരുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയില്‍നിന്ന് വ്യക്തമാണ്. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയാണ് ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്തിയത്. സംഭവ സമയത്ത് പാപ്പാന് സ്ഥലത്ത് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പലവട്ടം ഈ മേഖലയില്‍ കൃഷിയിടങ്ങളിലേക്ക് ആന ഇറങ്ങിയിരുന്നു. വനമേഖല പിന്നിട്ട് ദേശീയപാതയ്ക്കരികില്‍ ആനകള്‍ എത്തിയ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.