ബംഗളൂരു
കർണാടകജനത മികച്ച വിജയം നല്‍കിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ പതിവ് മുട്ടിടിയുമായി കോൺഗ്രസ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ദരാമയ്യക്കും സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിനുംവേണ്ടി അണികള്‍ പരസ്യഅവകാശവാദം ഉന്നയിച്ചതോടെ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിച്ചു. നിരീക്ഷകരായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിങ് അൽവാർ, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭാ കക്ഷി യോഗം ചേര്‍ന്നെങ്കിലും യോജിച്ച തീരുമാനം എടുക്കാനായില്ല. തുടർന്ന് തീരുമാനം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് വിട്ട് പ്രമേയം അംഗീകരിച്ചു. അതിനിടെ യോഗം നടന്ന ബംഗളൂരുവിലെ ഹോട്ടലിനു പുറത്ത് ഇരുനേതാക്കള്ക്കുവേണ്ടി അണികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി. ഇരുവര്‍ക്കുംവേണ്ടി പോസ്റ്റര്‍, ഫ്ലക്സ് പ്രചാരണവും തകൃതിയാണ്. യോഗത്തിന് ശേഷം നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ആരാഞ്ഞു. ഭൂരിപക്ഷം എംഎൽഎമാരും സിദ്ദരാമയ്യയെ പിന്തുണച്ചതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും ഇനി മത്സരിക്കാനില്ലെന്നും കഴിഞ്ഞ ദിവസം പ്രതികരിച്ച സിദ്ദരാമയ്യ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന പ്രഖ്യാപനമാണ് നടത്തിയത്. അച്ഛനെ മുഖ്യമന്ത്രിയാക്കണമെന്ന് യതീന്ദ്ര സിദ്ദരാമയ്യ ആദ്യഫലസൂചന വന്നപ്പോഴേ ആവശ്യപ്പെട്ടു. 135ൽ 90 എംഎൽഎമാരുടെയും പിന്തുണ അവകാശപ്പെട്ട് സിദ്ദരാമയ്യ അനുകൂലികളായ നേതാക്കള്‍ ദേശീയനേതൃത്വവുമായി വിലപേശുന്നു.
എന്നാല്‍, കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ചത് ഡി കെ ശിവകുമാറാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ രക്ഷകനായി അവതരിച്ച ഡി കെ ശിവകുമാറിനെ എളുപ്പത്തിൽ തഴയാനും ഹൈക്കമാൻഡിനാകില്ല. മുഖ്യമന്ത്രിപദം ഇരുവര്‍ക്കുമായി തുല്യകാലത്തേക്ക് പങ്കുവച്ച് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
സിദ്ദരാമയ്യയുമായി ഭിന്നതയില്ലെന്ന് ശിവകുമാർ പ്രതികരിച്ചു. കോണ്ഗ്രസനുവേണ്ടി പല സ്ഥാനമാനങ്ങളും ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.