ന്യൂഡൽഹി
കർണാടകത്തിൽ ജയിച്ചതോടെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം നാലായി ഉയർന്നു. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനും ഛത്തീസ്ഗഢുമാണ് ഭരണത്തിലുള്ള രണ്ടു സംസ്ഥാനം. കഴിഞ്ഞ വർഷം ഹിമാചലിൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ പഞ്ചാബ് നഷ്ടമായി. മധ്യപ്രദേശിൽ 2018ൽ ഭരണം പിടിച്ചെങ്കിലും ജ്യോതിരാധിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് സർക്കാർ വീണു. ബിഹാറിൽ ആർജെഡിയുടെയും തമിഴ്നാട്ടിൽ ഡിഎംകെയുടെയും ജൂനിയർ പാർട്ണറായി കോൺഗ്രസ് ഭരണമുന്നണിയിലുണ്ട്. ഈ രണ്ടു സംസ്ഥാനത്തും ഇടതുപക്ഷവും ഭരണമുന്നണിയുടെ ഭാഗമാണ്. ജാർഖണ്ഡിൽ ജെഎംഎം സർക്കാരിലും ഘടകകക്ഷിയായി കോൺഗ്രസുണ്ട്.
കർണാടകത്തിൽ ഭരണം പോയതോടെ ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങൾ എണ്ണം പത്തിലേക്ക് ചുരങ്ങി. ഇതിൽ ഗുജറാത്തും മധ്യപ്രദേശും ഉത്തർപ്രദേശും ഹരിയാനയും അസമും മാത്രമാണ് വലിയ സംസ്ഥാനങ്ങൾ. അരുണാചൽ, മണിപ്പുർ, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിജെപി അധികാരത്തിലുണ്ട്. മേഘാലയ, നാഗാലാൻഡ്, മിസോറം, സിക്കിം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി ഭരണമുന്നണിയുടെ ഭാഗമാണ്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ബിജെപി സഖ്യസർക്കാരാണ്. ബിജെപിയും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുന്ന വലിയ സംസ്ഥാനങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ്.