ഷാർജ > അന്ധവിശ്വാസങ്ങളെ മറികടക്കാൻ വായനയിലൂടെ മാത്രമേ സാധിക്കൂവെന്ന് എഴുത്തുകാരി ഖയറുന്നീസ. ഷാർജയിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു എഴുത്തുകാരി. കുട്ടികളുടെ രചനകളിലൂടെ പ്രശസ്തയായ ഇന്ത്യൻ എഴുത്തുകാരിയാണ് ഖൈറുന്നിസ.
അന്ധവിശ്വാസങ്ങൾക്കെതിരെയാണ് തന്റെ രചനകളെ അവർ ഉപയോഗിച്ചത്. വായനയിലൂടെ നാം എത്രത്തോളം അറിവ് സമ്പാദിക്കുന്നുവോ അത്രത്തോളം അന്ധവിശ്വാസത്തിന്റെ ഇരുൾ മാറി വെളിച്ചം വരുമെന്നും അവർ പറഞ്ഞു.
‘ആളുകൾ കൂടുതൽ യുക്തി സഹമായി ചിന്തിക്കുന്നവരും ന്യായബോധമുളളവരുമായി മാറാൻ വായന വഹിക്കുന്ന പങ്ക് ചെറുതല്ല. യുവാക്കൾ ഇപ്പോഴും നല്ല കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവരെ ആകർഷിക്കുന്ന രീതിയിൽ ഇതു പറയുകയാണ് എഴുത്തുകാരൻ ചെയ്യേണ്ടത്’- ഖയറുന്നീസ പറഞ്ഞു. ഷാർജ വായനോത്സവത്തിൽ നൂറുകണക്കിനാളുകളാണ് പ്രിയ എഴുത്തുകാരിയെ കാണാനായി എത്തിയത്.
2010 ലാണ് ഖയറുന്നീസയുടെ ആദ്യ പുസ്തകം ഹൗസാറ്റ് ബട്ടർഫിംഗേഴ്സ് പുറത്തിറങ്ങിയത്. കുട്ടികളുടെ മാസികയായ ടിങ്കിളിലാണ് ‘ബട്ടർഫിംഗേഴ്സ്’ ആദ്യമായി പ്രസിദ്ധീകരിച്ചത്. സാങ്കൽപ്പിക ഗ്രീൻ പാർക്ക് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പതിമൂന്നുകാരനായ അമർ കിഷന്റെ ഉല്ലാസകരമായ രക്ഷപ്പെടലുകളെ ചുറ്റിപ്പറ്റിയാണ് ബട്ടർഫിംഗർ സീരീസ്.