ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണ് കർണാടക ഫലം. തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ ‘മോദിപ്രഭാവം’ മതിയെന്ന് ബിജെപി കരുതുകയും വലിയ വിഭാഗം മാധ്യമങ്ങൾ അത് പ്രചരിപ്പിക്കുകയും ചെയ്തുവന്നു. കർണാടകത്തിൽ ബിജെപിക്ക് മേൽവിലാസം നൽകിയ ബി എസ് യെദ്യൂരപ്പയെ മാറ്റിനിർത്തി പ്രധാനമന്ത്രിയാണ് നേരിട്ട് പ്രചാരണം നയിച്ചത്. പ്രചാരണത്തിന്റെ അവസാനവാരം 19 റാലിയിലും ആറ് റോഡ് ഷോയിലും മോദി പങ്കെടുത്തു. ബംഗളൂരു റോഡ് ഷോ 29 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു.
സംസ്ഥാനത്ത് ഭരണനേട്ടങ്ങളൊന്നും ഉയർത്തിക്കാട്ടാൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ വോട്ട് ചെയ്യുക എന്നതായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. ‘ഇരട്ട എൻജിൻ സർക്കാർ’, തീവ്രഹിന്ദുദേശീയത എന്നിവയായിരുന്നു മോദിയുടെ പ്രചരണായുധം. യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സാവദി എന്നിവരെ തഴഞ്ഞ് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപി ധൈര്യം കാട്ടിയതും മോദി രക്ഷിക്കുമെന്ന വിശ്വാസത്തില്.
നേരത്തേ മോദി പ്രചാരണം നടത്തിയ കേരളം, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ഡൽഹി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിട്ടുണ്ട്.ബിജെപി ഭരണത്തിലായിരുന്ന ഹിമാചൽപ്രദേശിലും ഇപ്പോൾ കർണാടകത്തിലും പ്രധാനമന്ത്രിയുടെ പ്രചാരണം ഫലിച്ചില്ല. വരുംനാളുകളിൽ മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വം ബിജെപിക്കുള്ളിൽ ചോദ്യംചെയ്യപ്പെടും. കാർഷികനിയമങ്ങൾ, തൊഴിൽകോഡുകൾ, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങളിൽ സംഘപരിവാറിനുള്ളിൽത്തന്നെ മോദിസർക്കാരിനെതിരെ അമർഷം ശക്തമാണ്. ബിഎംഎസ്, സ്വദേശി ജാഗരൺ മഞ്ച് സംഘടനകൾ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.