കൊല്ലം
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകൾ അന്വേഷകസംഘം കോടതിയിൽ ഹാജരാക്കി. അഞ്ചു ദിവസത്തെ ദൃശ്യങ്ങളാണ് ഒരുസമയം ഹാർഡ് ഡിസ്ക്കിൽ ശേഖരിക്കാനാകുക. കൊലപാതകം നടന്ന ദിവസവും തലേന്നും പ്രതി സന്ദീപിനെ കണ്ടവരിൽനിന്ന് അന്വേഷകസംഘം ശനിയാഴ്ച വിവരങ്ങൾ ശേഖരിച്ചു.
പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും. ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടർക്കും തിങ്കളാഴ്ച നൽകും.
ആദ്യ മണിക്കൂറുകളിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടുകളിൽ സ്ഥലം, സമയം ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തും. എഫ്ഐആറിലും ഇതു ബാധകമാണ്. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി എം ആർ അജിത്കുമാർ എല്ലാദിവസവും ഓൺലൈനിൽ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നു. ഐജി ജി സ്പർജൻകുമാർ, ഡിഐജി ആർ നിശാന്തിനി, എസ്പി എം എൻ സുനിൽ, അഡീഷണൽ എസ്പി സന്തോഷ്കുമാർ എന്നിവർക്കു മേൽനോട്ടച്ചുമതലയുണ്ട്.