തിരുവനന്തപുരം
നിപായും കോവിഡും പോലുള്ള മഹാമാരികളെയും മറ്റ് പകർച്ചവ്യാധികളെയും നേരിടുന്നതിന് സംസ്ഥാനത്ത് 16 കേന്ദ്രത്തിൽക്കൂടി ഐസൊലേഷൻ വാർഡ് യാഥാർഥ്യമാകുന്നു. ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശൂർ ഗവ. മാനസികാരോഗ്യകേന്ദ്രം, നല്ലൂർനാട് ഗവ. താലൂക്ക് ആശുപത്രി, ഓമയൂർ, കേശവപുരം, പുൽപ്പള്ളി, തവയൂർ, താനൂർ, കരുവാരക്കുണ്ട്, ഐരാണിമുട്ടം സിഎച്ച്സികളിലും മേപ്പാടി, മുക്കം, നരിക്കുനി, മേലടി, കുന്നുമ്മേൽ, ഓർക്കാട്ടേരി എന്നിവിടങ്ങളിലുമാണ് പുതുതായി വാർഡുകൾ നിർമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് 16 ഇടത്തും ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെഎംഎസ്സിഎല്ലാണ്. ഒരു ആശുപത്രിയിൽ 10 കിടക്കയുള്ള ഐസൊലേഷൻ വാർഡാണ് നിർമിക്കുന്നത്. 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസൊലേഷൻ വാർഡുകളിൽ 10 കിടക്കയുള്ള പേഷ്യന്റ് കെയർ സോൺ, കാത്തിരിപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശുചിമുറിയോടുകൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രസിങ് റൂം, നഴ്സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ടാകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 50 ഉം കോഴിക്കോട് മെഡിക്കൽ കോളേജിൽ 40 ഉം കിടക്കയുള്ള വാർഡ് നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പത്ത് ഐസൊലേഷൻ വാർഡ് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു.