ബംഗളൂരു> കർണാടകത്തിലെ വമ്പൻ ജയം ആത്മവിശ്വാസം പകരുന്നെങ്കിലും മുഖ്യമന്ത്രിയാരെന്ന ചോദ്യം കോണ്‍ഗ്രസിന് കീറാമുട്ടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ദരാമയ്യ, സംസ്ഥാന അധ്യക്ഷനും പ്രതിസന്ധി ഘട്ടത്തിൽ പാർടിയെ കൈപിടിച്ചുയർത്തിയ നേതാവുമായ ഡി കെ ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളത്. ഞായറാഴ്ച ബംഗളൂരുവിൽ നടക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗം നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ നേടാനുള്ള തന്ത്രങ്ങളാണ് ഇരു നേതാക്കളും പയറ്റുന്നത്. ഇരുവരെയും തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലാണ് ഹൈക്കമാൻഡ്.
താൻ ഇനി മത്സരിക്കാനില്ലെന്നും ഇത് തന്റെ അവസാന അങ്കമാണെന്നും പ്രഖ്യാപിച്ച സിദ്ദരാമയ്യ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിപദം തന്നെ. 1983ലെ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച സിദ്ദരാമയ്യ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി എന്നീ പദവികള് വഹിച്ചിട്ടുണ്ട്. ജനതാദളിൽനിന്ന് 2008ലാണ് കോൺഗ്രസിൽ ചേർന്നത്.
സിദ്ദരാമയ്യ മുഖ്യമന്ത്രി ആക്കണമെന്ന് മകൻ
ബംഗളൂരു
മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് മകൻ യതീന്ദ്ര സിദ്ദരാമയ്യ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽനിന്ന് നയിച്ച സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് യതീന്ദ്രയുടെ പ്രതികരണം. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുന്നതിന് മുമ്പായിരുന്നു അവകാശവാദം.