ന്യൂഡൽഹി
കർണാടകത്തിൽ തിരിച്ചടിയേറ്റത് വർഗീയ, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ഭരണവിരുദ്ധവികാരം മറികടക്കാനുള്ള ബിജെപി തന്ത്രത്തിന്. ഹിജാബ്, ഈദ്ഗാഹ്, ലൗജിഹാദ്, മുസ്ലിം സംവരണം എന്നിവ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കിയ ബിജെപി ഒടുവിൽ കുപ്രചാരണ സിനിമയായ ‘ദ കേരള സ്റ്റോറി’ സിനിമയും ആയുധമാക്കി. ഭീകരവാദ ഗൂഢാലോചനയുടെ വൃത്തികെട്ട സത്യങ്ങൾ തുറന്നുകാട്ടുന്നതാണ് ‘ദ കേരള സ്റ്റോറി’ സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തിൽ പറഞ്ഞു. ഈ ചിത്രത്തെ എതിർക്കുന്നവർ ഭീകരർക്കൊപ്പമാണെന്നും മോദി ആരോപിച്ചു.
കർണാടകത്തിൽ മുസ്ലിങ്ങൾക്ക് നൽകിവന്ന നാലു ശതമാനം സംവരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി വോട്ട് ചോദിച്ചു. ടിപ്പു സുൽത്താനെ വധിച്ചത് ബ്രിട്ടീഷുകാരല്ല, വൊക്കലിഗ സമുദായപോരാളികളാണെന്ന് ചരിത്രത്തെ വളച്ചൊടിച്ച് ബിജെപി പ്രചരിപ്പിച്ചു. വൊക്കലിഗ സമുദായത്തിലെ പ്രധാനകേന്ദ്രമായ ആദിപുഞ്ച ഗിരി മഠം ഈ വാദം തള്ളി.
വർഗീയധ്രുവീകരണത്തിലൂടെയും പണമൊഴുക്കിയും കേന്ദ്രഭരണ സംവിധാനങ്ങൾ ദുരുപയോഗിച്ചും ജനങ്ങളെ സ്വാധീനിക്കാനുള്ള എല്ലാശ്രമങ്ങളും തോറ്റമ്പി. വൻഅഴിമതികൾ പുറത്തുവന്നതോടെ ബിജെപിയുടെ മുഖം കൂടുതൽ വികൃതമായി. വർഗീയവിദ്വേഷ പ്രചാരണത്തിന് എതിരായ നടപടിയുടെ ഭാഗമായി ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞത് ബിജെപി ഏറ്റുപിടിച്ചു. ബജ്റംഗ് ബലിയെ (ഹനുമാൻ) പൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ലിംഗായത്ത് സമുദായത്തിലെ പ്രധാന നേതാക്കൾ ബിജെപിയുമായി ഇടഞ്ഞതോടെ ഇതര സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര–-സംസ്ഥാന നേതൃത്വം നടത്തിനോക്കി.