കൊച്ചി
എഴുത്തുകാരന്റെ രാഷ്ട്രീയംപോലെ വായനയുടെ രാഷ്ട്രീയവും പ്രധാനമാണെന്ന് വ്യവസായമന്ത്രി പി രാജീവ്. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘രാഷ്ട്രീയത്തിലെ എഴുത്ത്, എഴുത്തിലെ രാഷ്ട്രീയം’ വിഷയത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ബെന്യാമിനുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വായിക്കാൻ തീരുമാനിച്ചാൽ നമുക്ക് സമയം കണ്ടെത്താനാകും. മന്ത്രിയായശേഷം കൂടുതൽ വാഹനത്തിലിരുന്നും പിന്നെ രാത്രിയിലുമാണ് വായന. അഭിരുചികൾക്കനുസരിച്ച് വായിക്കണം. ശരിയായ ചരിത്രവൽക്കരണം ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. ചരിത്രം തിരുത്തപ്പെടുന്ന കാലവും. വാക്കുകൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവിതം, വായന എന്നിവയെല്ലാമാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്ന് ബെന്യാമിൻ പറഞ്ഞു. എഴുത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. നമ്മുടെ നിലപാടും ആകുലതകളുമെല്ലാം എഴുത്തിലും കടന്നുവരും. പലതും മനപ്പൂർവം ഉണ്ടാക്കുന്നതല്ല. എന്നാൽ, ഒന്നോ രണ്ടോ ഇടങ്ങളിൽ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സൂചനകൾ നൽകാൻ ശ്രമിക്കാറുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.