തിരുവനന്തപുരം
വർഗീയ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാൻ അവസരം കാത്തുനിൽക്കുന്ന രാജ്യത്തിന് നൽകുന്ന വലിയ പ്രതീക്ഷയെന്ന് കർണാടക ഫലത്തെ പലരും വിശേഷിപ്പിക്കുമ്പോഴും വൈരുധ്യം നിറഞ്ഞ പ്രതികരണങ്ങളുമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയുമായി രുന്ന കോൺഗ്രസ് നേതാക്കൾ പലരും ചെറിയ പ്രതികരണത്തിൽ ‘ആഹ്ലാദം’ ഒതുക്കി. അതേസമയം, നേതാക്കളുടെ അഭിപ്രായങ്ങളിൽ വൈരുധ്യം നിറഞ്ഞു.
കർണാടകത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിഞ്ഞതാണ് വിജയത്തിന് കാരണമെന്നും അത് കണ്ടുപഠിക്കണമെന്ന സൂചന നൽകുന്നതുമായിരുന്നു എ കെ ആന്റണിയടക്കം പല നേതാക്കളുടെയും പ്രതികരണങ്ങൾ. ജയം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുകൂടി അവകാശപ്പെട്ടതാണെന്ന പ്രചാരണം ചില നേതാക്കളെ ചൊടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തി ബിന്ദു കൃഷ്ണയടക്കമുള്ള നേതാക്കൾ രംഗത്തുവന്നപ്പോൾ മറ്റ് നേതാക്കളെല്ലാം രാഹുലിന്റെ പേരുമാത്രം പരാമർശിച്ചു. ശശി തരൂർ കുറേക്കൂടി വ്യക്തതയോടെ പ്രതികരിച്ചു; ‘കർണാടക വിജയം അവിടുത്തെ പ്രാദേശിക നേതൃത്വത്തിന്റെ വിജയമാണ്’. കേരളത്തിലെ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്ന വലിയൊരുനിര നേതാക്കൾക്കു പിന്നാലെ അങ്ങോട്ടുപോകാൻ ഒരുങ്ങി നിൽക്കുന്നവരുടെ പേരുകൾവരെ പുറത്തു വന്നിരുന്നു. തന്നെ അധ്യക്ഷനാക്കിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകാൻ മടിക്കില്ല എന്നു പറഞ്ഞയാളാണ് കെ സുധാകരൻ. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള വി ഡി സതീശൻ അവരുടെ വോട്ടു വാങ്ങിയതായും ആക്ഷേപമുയർന്നിരുന്നു.
യോജിപ്പെന്ന് പുറമെ വീമ്പിളക്കുമ്പോഴും അതിരൂക്ഷമായ തർക്കംമൂലം പുനഃസംഘടനപോലും നീളുകയാണ്. അധ്യക്ഷൻ എന്ന നിലയിൽ മികച്ച നിലയിൽ പ്രവർത്തിക്കാൻ സാഹചര്യങ്ങളുടെ സമ്മർദംമൂലം കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞ സുധാകരൻ പാർടിയുടെ താഴേത്തട്ടിലുള്ള ഘടകങ്ങളെല്ലാം നിർജീവമാണെന്നും പറഞ്ഞിരുന്നു. കർണാടകം കണ്ട് കേരളത്തിൽ ‘പനിക്കേണ്ട’ എന്ന സന്ദേശമാണ് കോൺഗ്രസ് നേതാക്കൾ തന്നെ നൽകിയിരിക്കുന്നത്.