ധാക്ക> മോക്ക ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തെക്കുകിഴക്കൻ തീരങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിക്കാനൊരുങ്ങി ബംഗ്ലാദേശ്. ലോകത്തിലെ ഏറ്റവും വലിയ രോഹിൻഗ്യൻ അഭയാർഥി ക്യാമ്പ് ഉൾപ്പെടുന്ന പ്രദേശമാണിത്. ലക്ഷക്കണക്കിന് ആളുകള്ക്ക് മുന്കരുതല് നിര്ദേശം നല്കിയിട്ടുണ്ട്. ഞായറാഴ്ച ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാന്മറിലെ ക്യാവ്പ്യുവിനുമിടയിൽ മണിക്കൂറിൽ 160 കിലോമീറ്ററിനും 175 കിലോമീറ്ററിനുമിടയില് വേഗത്തിൽ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.
തീവ്രമായ ചുഴലിക്കാറ്റ് ബംഗ്ലാദേശിലെയും മ്യാന്മറിലെയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ബാധിക്കുമെന്ന് കരുതുന്നു. ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് ബംഗ്ലാദേശില്‍ അഞ്ചുലക്ഷത്തോളംപേരെ ഒഴിപ്പിക്കും. ഇവർക്കായി 1500 ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. തീരദേശത്ത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മ്യാന്മർ അധികൃതർ മുന്നറിയിപ്പുനൽകി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഇന്ത്യയുടെ വിദൂര വടക്കുകിഴക്കൻ ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കാന് സാധ്യതയുണ്ട്.