ന്യൂഡൽഹി> കർണാടകയിലെ ബിജെപി തോൽവിയെ പരിസഹിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ജനങ്ങളെ കേൾക്കാൻ തയ്യാറായില്ലങ്കിൽ ഇനിയുംബിജെപി തോൽക്കുമെന്നും ഇത് തങ്ങളെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണെന്നും ഒരു താരം മാധ്യമത്തോട് പ്രതികരിച്ചു. കേന്ദ്രസർക്കാർ നയം രാജ്യത്തിന് നല്ലതല്ല. ഒളിമ്പികസ് മെഡൽ ജേതാക്കളെ എങ്ങനെയാണവർ അവഗണിക്കുക?. മറ്റ് സംസ്ഥാനങ്ങളിലും അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിലും തോൽക്കുന്നതിന് മുമ്പ് ബിജെപി പുനർവിചിന്തനം നടത്തണം– താരം ആവശ്യപ്പെട്ടു.
അതേസമയം സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായിക് സമരവേദിയിൽ എത്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി പി സാനു, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി , ഡിഎംകെ വിദ്യാർഥി മുന്നണി നേതാവ് സിവിഎംകെ ഇളൈവരസൻ എംഎൽഎ, പിഎസ്യു ജനറൽ സെക്രട്ടറി നൗഫൽ മുഹമ്മദ് സയ്ഫുള്ള എന്നിവരും സമരവേദിയിൽ എത്തി. ഞായറാഴ്ച എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സമരവേദിയിൽ എത്തും. ഇതിന് പുറമേ സിഐടിയു, മഹിള അസോസിയേഷൻ ,ഡിവൈഎഫ്ഐ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുമായി സഹകരിച്ച് 18ന് രാജ്യവ്യാപക മെഴുകുതിരി മാർച്ചും എസ്എഫ്ഐ സംഘടിപ്പിക്കുന്നുണ്ട്.