കൊച്ചി> നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും ചേര്ന്ന് കടലില് നടത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ട. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി നടത്തിയ സംയുക്തപരിശോധനയിൽ മാലദ്വീപ് ഭാഗത്തേക്ക് പോവുകയായിരുന്ന കപ്പലില് നിന്നും 15000 കോടിയുടെ 2500 കിലോയിലധികം മെത്താംഫെറ്റമിൻ പിടിച്ചു. പാക്കിസ്ഥാൻ പൗരൻ സുബൈറിനെ അറസ്റ്റ് ചെയ്തു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയാണിതെന്ന് എൻഐബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ്കുമാർ സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പായിരുന്നു പരിശോധന. ഇറാനിലെ ചബഹാര് തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പിലില് 134 ചാക്കുകളിലായി 2,800 പെട്ടികളില് അടുക്കിയ നിലയിലാണ് മെത്താംഫെറ്റമിൻ കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കപ്പൽ മുക്കാൻ ശ്രമിച്ചശേഷം ഇതിലുണ്ടായിരുന്നവർ കടന്നെങ്കിലും പാക് പൗരനായ സുബൈര് മാത്രം പിടിയിലായി. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. രക്ഷപെട്ടവര്ക്കായി അന്വേഷണം പുരോഗമിക്കുന്നു. മാലദ്വീപ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് എത്തിക്കാനുള്ളതായിരുന്നു മെത്താംഫെറ്റമിൻ. പായ്ക്കറ്റുകളിൽ തേൾ, ബിറ്റ് കോയിൻ തുടങ്ങിയ അടയാളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന അൽ ഹുസൈൻ എന്ന ബസ്മതി അരി ബ്രാന്ഡിന്റെ ചാക്കുകളിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. കപ്പലിന്റെ കൂടുതൽ വിവരം, ലഹരിമരുന്ന് പിടികൂടിയ സമുദ്രഭാഗം എന്നിവയെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഉൽപാദിപ്പിക്കുന്ന ലഹരി ഇറാനിലെത്തിച്ച് കടൽ വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്ന പാക്കിസ്ഥാനിയായ ഹാജി സലിമിന്റെ സംഘത്തിന്റേതാണ് പിടികൂടിയ മെത്താംഫെറ്റമിനെന്ന് സംശയമുണ്ട്. ഹാജി സലിം ലഹരി ഗ്രൂപ്പ് ഉപയോഗിക്കുന്ന തേള് ചിഹ്നം പിടിച്ചെടുത്ത പാക്കറ്റിലുണ്ട്. കപ്പൽ, തുറമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
സമുദ്രഗുപ്തിന്റെ ഭാഗമായി 2022 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നിന്നും എൻസിബിയും നാവികസേനയും ചേർന്ന് 529 കിലോ ഹഷീഷ്, 221 കിലോ മെത്താംഫെറ്റമിൻ, 13 കിലോ ഹെറോയിൻ പിടിച്ചിരുന്നു. അഫ്ഗാന്, ബലൂചിസ്ഥാന് മേഖലയില് നിന്നാണത് എത്തിച്ചത്. 2022 കൊച്ചിയിൽ ഇറാനിയൻ ബോട്ടിൽ നിന്നും 200 കിലോ ഹെറോയിനും പിടിച്ചിരുന്നു. ഹെറോയിന്റെ ഉറവിടം അഫ്ഗാനിസ്ഥാനായിരുന്നു.