ന്യൂഡൽഹി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ് വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ 18–-ാം ദിവസം കേന്ദ്ര മനുഷ്യവകാശ കമീഷന്റെ ഇടപെടൽ. കേന്ദ്ര കായിക മന്ത്രാലയത്തിന് കമീഷൻ നോട്ടീസ് അയച്ചു. ഗുസ്തി ഫെഡറേഷൻ, ബിസിസിഐ തുടങ്ങി 15 കായിക ഫെഡറേഷനുകളിൽ ആഭ്യന്തര പരാതി കമ്മിറ്റി (ഐസിസി) ഇല്ലെന്ന മാധ്യമവാർത്ത പരിഗണിച്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നോട്ടീസിന് നാലാഴ്ചയ്ക്കകം മറുപടി നൽകണം.
പരാതി കമ്മിറ്റി ഇല്ലെങ്കിൽ അത് നിയമവിരുദ്ധവും കായികതാരങ്ങളുടെ അവകാശത്തെ ബാധിക്കുന്നതുമാണെന്ന് കമീഷൻ നോട്ടീസിൽ പറഞ്ഞു. സായ്, ഹാൻഡ്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഭാരോദ്വഹനം തുടങ്ങി എല്ലാ ഫെഡറേഷനും നോട്ടീസുണ്ട്. അതിനിടെ, ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ഏഴുപേരിൽ പ്രായപൂർത്തിയാകാത്ത താരത്തിന്റെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.ബിജെപി എംപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനുശേഷമുള്ള ആദ്യ പൊലീസ് നടപടിയായി ഗുസ്തി ഫെഡറേഷന് നോട്ടീസ് നൽകി. താരങ്ങൾ അതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയ മത്സരങ്ങളുടെ വിവരം നൽകണമെന്നാണ് ആവശ്യം.
അതേസമയം, വ്യാഴാഴ്ച സമരവേദിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും താരങ്ങൾക്ക് ഐക്യദാൾഢ്യം പ്രഖ്യാപിച്ച് കരിദിനാചരണം നടന്നു. താരങ്ങൾ കറുത്ത ബാൻഡുകൾ ധരിച്ചു. സംയുക്ത ട്രേഡ് യൂണിയന്റെ ഹരിയാനയിൽനിന്നുള്ള പ്രതിനിധി സംഘവും സമരപ്പന്തൽ സന്ദർശിച്ചു. ദേശീയ ഗുസ്തി ക്യാമ്പ് ബ്രിജ് ഭൂഷണ് സ്വാധീനമുള്ള യുപിയിൽനിന്ന് മാറ്റാൻ അഡ്ഹോക്ക് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.