കൊല്ലം > ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ അന്വേഷണം കൊല്ലം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. റൂറല്‍ എസ് പി എം എല്‍ സുനില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. നാട്ടുകാരുമായുണ്ടായ അടിപിടിക്കേസില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന സന്ദീപാണ് കൊലചെയ്തത്. ഡോ. വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ സംഭവ ദിവസം രാവിലെ 8.30 ഓടെ വന്ദനയുടെ മരണം സംഭവിക്കുകയായിരുന്നു.