ഗാസ സിറ്റി > തുടര്‍ച്ചയായി മൂന്നാം ദിനവും പലസ്തീനില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍സൈന്യം. കുട്ടികളും സ്ത്രീകളും അടക്കം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പലസ്തീന് സായുധ പോരാട്ടസംഘടന പിഐജെയുടെ നേതാക്കളെ ലക്ഷ്യമിട്ട് പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് രണ്ടുദിവസമായി നടത്തിയ വിവേചനരഹിതമായ ബോംബാക്രമണത്തില്‍ നാലു കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. ഗാസയിലെ പാര്‍പ്പിടസമുച്ചയത്തില്‍ ബോംബിട്ടാണ് പിഐജെ റോക്കറ്റ് വിക്ഷേപണ സേനയുടെ തലവന്‍ അലി ഖാലിയെ ഇസ്രയേല്‍ വധിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ പിഐജെ ബന്ധമുള്ള രണ്ടുപേര്‍കൂടി കൊല്ലപ്പെട്ടു. ഗാസയില്‍ 158 കേന്ദ്രം ലക്ഷ്യമാക്കിയാണ് വ്യോമാക്രണം നടത്തിയത്.
സാധാരണക്കാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് അഭ്യര്‍ഥിച്ചു. വിവേചനരഹിതമായ ആക്രമണങ്ങൾ ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ (എൻആർസി) ആവശ്യപ്പെട്ടു.
പലസ്തീന് പോരാട്ടസംഘടനകള്‍ ഇസ്രയേലിലേക്ക് നാനൂറിലധികം റോക്കറ്റുകള്‍ തൊടുത്തെങ്കിലും ഭൂരിഭാഗവും ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം തടഞ്ഞു. ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി “ഭീകരവേട്ട’യെന്ന നിലയില്‍ ചിത്രീകരിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍ക്കെതിരെ അറബ് മേഖലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ രോഷം അണപൊട്ടി. “ഇരുപക്ഷം തമ്മിലുള്ള ഏറ്റുമുട്ടല്‍’ എന്ന നിലയിലാണ് പാശ്ചാത്യമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേൽ സൈന്യം ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് ബോംബ് തൊടുത്തുവിടുകയാണെന്നും പിഐജെ ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളും അയൽക്കാരുമായ സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്നും അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു.