ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ ഓഹരിതട്ടിപ്പിനെക്കുറിച്ച് ‘ഹിൻഡൻബർഗ് റിസർച്ചി’ന്റെ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധസമിതി മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി എ എം സാപ്രെ അധ്യക്ഷനായ ആറംഗ വിദഗ്ധസമിതിയാണ് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച റിപ്പോർട്ട് പരിഗണിച്ചേക്കും.
മാർച്ച് രണ്ടിനാണ് വിദഗ്ധസമിതി രൂപീകരിച്ചത്. സമിതി അംഗങ്ങളെ തീരുമാനിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. അദാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരിവിപണിയിൽ നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാനായിരുന്നു നിർദേശം. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ ചെറുകിട, ഇടത്തരം നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാന്‍ നടപടി ശുപാർശ ചെയ്യാനും നിർദേശിച്ചിരുന്നു. സമയപരിധി പൂർത്തിയായ സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകിയത്. കൂടുതൽ സമയം വേണമെങ്കിൽ അതിനുള്ള അപേക്ഷയും നൽകിയിട്ടുണ്ടാകും.
ഹിൻഡൻബർഗ് വെളിപ്പെടുത്തലില്‍ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തുന്നുണ്ട്. രണ്ടുമാസമാണ് സുപ്രീംകോടതി അനുവദിച്ചിരുന്നത്. എന്നാൽ, സങ്കീർണമായ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ആറുമാസംകൂടി വേണമെന്ന് സെബി ഏപ്രിൽ 29ന് അപേക്ഷ നൽകി. ഇക്കാര്യത്തിലും സുപ്രീംകോടതി വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കും.