തിരുവനന്തപുരം
വാഹനങ്ങളിൽ കുട്ടികൾക്കും നിർബന്ധമായി സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്ന് ബാലാവകാശ കമീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ ചൈൽഡ് ഓൺ ബോർഡ് എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസ്സിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു.
ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോർവാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണം. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്പോർട്ട് കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമീഷൻ നിർദേശം നൽകി. ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് കുട്ടികളുടെ സുരക്ഷയിൽ കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമീഷൻ നിർദേശിച്ചു.