ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ വീണ്ടും പരസ്യപോര്. ഗെലോട്ടിന്റെ നേതാവ് സോണിയ ഗാന്ധി അല്ലെന്നും ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യയാണെന്നും പൈലറ്റ് തുറന്നടിച്ചു. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് അജ്മീറിൽനിന്ന് ജയ്പുരിലേക്ക് ‘ജനസംഘർഷ് യാത്ര’യെന്ന പേരിൽ പദയാത്രയും പൈലറ്റ് പ്രഖ്യാപിച്ചു.
ബിജെപിയുടെ പണം വാങ്ങിയാണ് 2020ൽ പൈലറ്റും സംഘവും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ഗെലോട്ട് ആരോപിച്ചതോടെയാണ് കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുപോര് മുറുകിയത്. വസുന്ധരയും മറ്റൊരു ബിജെപി നേതാവ് കൈലാസ് മെഘ്വാളും സർക്കാരിനെ അട്ടിമറിക്കുന്നതിനോട് യോജിച്ചില്ല. അതുകൊണ്ടാണ് രക്ഷപ്പെടാനായത്. അമിത് ഷായും ഗജേന്ദ്ര ശെഖാവത്തും ധർമേന്ദ്ര പ്രധാനുമാണ് അട്ടിമറിക്ക് ശ്രമിച്ചത്. 10 കോടിയോ 20 കോടിയോ എംഎൽഎമാർക്ക് നൽകി– പൈലറ്റ് വിഭാഗത്തെ അധിക്ഷേപിച്ചുകൊണ്ട് ഗെലോട്ട് പറഞ്ഞു.
ഇതിനുള്ള മറുപടിയായാണ് സോണിയ അല്ല വസുന്ധരയാണ് ഗെലോട്ടിന്റെ നേതാവെന്ന് പൈലറ്റ് പരിഹസിച്ചത്. പണം നൽകി അട്ടിമറിശ്രമം നടത്തിയത് ബിജെപിക്കാരാണെന്ന് അദ്ദേഹം പറയുന്നു. അതേ ബിജെപിക്കാർ രക്ഷിച്ചെന്നും അവകാശപ്പെടുന്നു. ഇതിൽ വൈരുധ്യമുണ്ട്–- പൈലറ്റ് പറഞ്ഞു.
സോണിയക്കു പകരം ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റാക്കി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞവർഷം നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ, എഴുപതോളം എംഎൽഎമാർ രാജിഭീഷണി മുഴക്കിയതോടെ ആ നീക്കം പാളി. ഇരുപതോളം എംഎൽഎമാരാണ് പൈലറ്റിനൊപ്പമുള്ളത്. ഏറ്റുമുട്ടൽ തുടർന്നാൽ തെരഞ്ഞെടുപ്പിനുമുമ്പ് പിളർപ്പുണ്ടാകുമോയെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്.