തിരുവനന്തപുരം> സംസ്ഥാനത്തിന്റെ കഴുത്ത് ഞെരിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളെ തനത് വരുമാനം ഉയർത്തി പ്രതിരോധിച്ച് കേരളം. കേന്ദ്രവിഹിതങ്ങൾ നിഷേധിച്ച് ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങളെ അതിജീവിച്ചത് നികുതി, നികുതിയേതര വരുമാനങ്ങളിൽ ബജറ്റ് ലക്ഷ്യം മറികടക്കുന്ന നേട്ടങ്ങളിലൂടെ. അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകളിൽ കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്ര നികുതി വിഹിതവും ജിഎസ്ടിയും ഒഴികെയുള്ള എല്ലാ മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റമാണുള്ളത്.
റവന്യു വരുമാന ലക്ഷ്യത്തിന്റെ 99 ശതമാനം സമാഹരിച്ചത് റെക്കോഡാണ്. മുൻവർഷത്തെക്കാൾ പത്തു ശതമാനം അധികമാണിത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമിട്ടുള്ള നിലപാടുമൂലം കഴിഞ്ഞവർഷം 23,000 കോടിയിലധികം രൂപ സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടു. റവന്യു കമ്മി ഗ്രാന്റിൽ 7000 കോടിയോളം രൂപ കുറഞ്ഞു. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ധനസമാഹരണത്തിന്റെ പേരുപറഞ്ഞ് 12,563 കോടി രൂപ പൊതുകടമെടുപ്പ് അവകാശത്തിൽനിന്ന് കുറച്ചു. ആദ്യഗഡുവിന്റെ കടമെടുപ്പ് നിഷേധം കഴിഞ്ഞവർഷംതന്നെ നടപ്പാക്കി.
ജിഎസ്ടി നഷ്ടപരിഹാരവും അവസാനിപ്പിച്ചു. കേന്ദ്ര ഗ്രാന്റുകളും നിഷേധിക്കുകയോ, വൈകിപ്പിക്കുകയോ ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം തകരുമെന്ന പ്രചാരണം ബോധപൂർവം അഴിച്ചുവിട്ടു. ട്രഷറി അടച്ചുപൂട്ടുമെന്നനിലയിൽ ചില പത്ര–-ദൃശ്യ മാധ്യമങ്ങൾ വാർത്താ പരമ്പരകൾ സൃഷ്ടിച്ചു. എന്നിട്ടും പദ്ധതി പ്രവർത്തനത്തിലടക്കം അഭിമാനകരമായ നേട്ടങ്ങൾ സാധ്യമാക്കിയത് തനതുവരുമാനത്തിലെ റെക്കോഡ് നേട്ടമാണ്.
നികുതി വരുമാന സമാഹരണം 98 ശതമാനമായി. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, ഭൂവിൽപ്പന, എക്സൈസ് നികുതികളെല്ലാം ലക്ഷ്യം പിന്നിട്ടു. 108 മുതൽ 141 ശതമാനംവരെയാണ് സമാഹരണ നേട്ടം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതൽ തുടക്കമിട്ട് ശക്തമായി മുന്നോട്ടുപോകുന്ന നികുതി സമാഹരണ നടപടികളുടെ ഫലം കണ്ടുതുടങ്ങി. എന്നാൽ, കേന്ദ്ര നിയന്ത്രണത്തിലുള്ള ജിഎസ്ടിയിൽ എണ്ണായിരം കോടിയോളം രൂപയുടെ കുറവുണ്ടായി. നഷ്ടപരിഹാരം നിർത്തലാക്കിയതടക്കം കാരണമായി. മൊത്തം ജിഎസ്ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വളർച്ച നേടാനായതും സംസ്ഥാനത്തിന്റെ നേട്ടമായി. ജിഎസ്ടി വകുപ്പ് പുനഃസംഘടനയും നികുതി വെട്ടിപ്പ് ഒഴിവാക്കാൻ സ്വീകരിച്ച നടപടികളും വരുമാനം ഉയർത്തി. നികുതിയേതര വരുമാനത്തിലും 3,251 കോടി രൂപ അധികമായി സമാഹരിക്കാനായി.