ഭോപാൽ> ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു ചീറ്റകൂടി ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ദക്ഷ എന്ന പെൺചീറ്റയാണ് ചത്തത്. ആൺചീറ്റയുമായുണ്ടായ ഏറ്റുമുട്ടലാണ് മരണകാരണമെന്ന് അറിയുന്നു. ആൺ ചീറ്റയെ പരിക്കുകളോടെ കണ്ടെത്തിയെന്ന് മധ്യപ്രദേശ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ജെ എസ് ചൗഹാൻ പറഞ്ഞു.
മൂന്നു മാസത്തിനിടെ മൂന്നാമത്തെ ചീറ്റയാണ് ഇവിടെ ചാകുന്നത്. നമീബിയയിൽ നിന്നെത്തിച്ച സാഷ എന്ന പെൺചീറ്റ മാർച്ചിലും ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ് എന്ന ആൺ ചീറ്റ ഏപ്രിലിലും അസുഖംമൂലം ചത്തു. സെപ്തംബർ 17ന് നമീബിയയിൽനിന്നാണ് ഇന്ത്യയിലേക്ക് എട്ടു ചീറ്റകളുടെ ആദ്യ സംഘത്തെ എത്തിച്ചത്. ഫെബ്രുവരിയിലാണ് ദക്ഷയടക്കം 12 ചീറ്റകളെ എത്തിച്ചത്. എട്ട് പെൺചീറ്റകളും ഒമ്പത് ആൺചീറ്റകളുമാണ് ഇനി ഇന്ത്യയിലുള്ളത്.