ന്യൂഡൽഹി> പ്രതിപക്ഷ ഐക്യചർച്ചകളുടെ ഭാഗമായി ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്കുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ഭുവനേശ്വറിലെ പട്നായിക്കിന്റെ ഔദ്യോഗിക വസതിയിൽ ഒന്നരമണിക്കൂറോളം ചർച്ച നീണ്ടു.
സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്ന് ഇരു നേതാക്കളും പ്രതികരിച്ചു. പുരിയിൽ ബിഹാർ ഭവൻ നിർമിക്കാൻ ഒന്നരയേക്കർ സ്ഥലം ബിഹാർ സർക്കാരിന് സൗജന്യമായി നൽകുമെന്ന് പട്നായിക് അറിയിച്ചു. പ്രതിപക്ഷ പാർടികളുടെ നേതാവായി നിതീഷ് മാറിയെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ച് പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനായി പട്നായിക്കുമായി ചർച്ച നടത്തിയെന്നും ജെഡിയു പ്രതികരിച്ചു.
മെയ് 18ന് പട്നയിൽ നടക്കുന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിലേക്ക് പട്നായിക്കിനെ നിതീഷ് ക്ഷണിച്ചെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രഭരണത്തിലുള്ളവരുമായി സൗഹൃദം പുലർത്തുന്ന നയം പിന്തുടരുന്ന പട്നായിക് ബിജെപിയുടെ സംസ്ഥാനത്തെ നീക്കങ്ങളിൽ അസ്വസ്ഥനാണ്. ബിജെഡിക്കെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ മുൻനിർത്തിയാണ് ബിജെപിയുടെ അണിയറനീക്കങ്ങള്‍.
2024ൽ സംസ്ഥാനത്ത് ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഉറപ്പായതിനാൽ പ്രതിപക്ഷ ഐക്യത്തിൽനിന്ന് മാറിനിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെഡി നേതാക്കൾ. ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ ഉദ്ധവ് വിഭാഗം തലവൻ ഉദ്ധവ് താക്കറെ എന്നിവരുമായും അടുത്ത ദിവസങ്ങളിൽ നിതീഷ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.