ന്യൂഡൽഹി> ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ.
15 മുതൽ 20 വരെ പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. 21ന് രാജ്യവ്യാപകമായി ഇ–- മെയിൽ കിയോസ്ക് സ്ഥാപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഇ–- മെയിൽ അയക്കും.
പോക്സോ കേസെടുത്തിട്ടും 164 പ്രകാരം ഇനിയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇത് കേന്ദ്രത്തിന്റെ നിയമവിരുദ്ധ നിലപാടിന്റെ തെളിവാണ്– -റഹിം പറഞ്ഞു. ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് എന്നിവരും സമരവേദിയിൽ എത്തി. ഹരിയാനയിലെ ഡിവൈഎഫ്ഐ നേതാക്കൾ ഞായറാഴ്ച സമരവേദിയില്‍ പ്രതിഷേധത്തിൽ പങ്കെടുക്കും.
ബുധനാഴ്ച സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധി സംഘവും സമരവേദിയിലെത്തും. അതേസമയം ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ സമരത്തിന്റെ ഭാഗമായതിന് ഹരിയാന അമച്വർ ഗുസ്തി ഫെഡറേഷൻ മൂന്ന് ജില്ലാ സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തു.