ന്യൂഡൽഹി> കോർപറേറ്റ് സമ്മർദത്തിനു വഴങ്ങി കൊണ്ടുവന്ന തൊഴിൽ കോഡുകൾ നടപ്പാക്കാൻ കഴിയാതെ മോദി സർക്കാർ പ്രതിസന്ധിയിൽ. ഈ സാമ്പത്തികവർഷം നാല് തൊഴിൽ കോഡും നടപ്പാക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടിയത്. എന്നാൽ, ട്രേഡ് യൂണിയനുകളിൽനിന്നുള്ള കടുത്ത എതിർപ്പും സംസ്ഥാന സർക്കാരുകൾ താൽപ്പര്യം കാട്ടാത്തതും തിരിച്ചടിയായി. കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ചേർന്ന് ‘കോർപറേറ്റ് ഹഠാവോ, ദേശ് ബച്ചാവോ’ എന്ന പ്രസ്ഥാനവും തുടങ്ങി.
തൊഴിലാളികളെ അടിമസമാനമായ സ്ഥിതിയിലേക്ക് തള്ളിവിടാൻ 29 തൊഴിൽനിയമം അസാധുവാക്കിയാണ് നാല് തൊഴിൽ കോഡ് കൊണ്ടുവന്നത്. വ്യവസായ ബന്ധം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യവും ജോലിസാഹചര്യവും, വേതനം എന്നിങ്ങനെയാണ് കോഡുകൾ. കരാർവൽക്കരണം വ്യാപകമാക്കുക, എട്ടു മണിക്കൂർ ജോലിപരിധി എടുത്തുകളയുക, തൊഴിൽവകുപ്പിന്റെ പ്രവർത്തനം പരിമിതപ്പെടുത്തുക, സംഘടിച്ച് വിലപേശാനുള്ള അവകാശം ഇല്ലാതാക്കുക, ത്രികക്ഷി ചർച്ച ഒഴിവാക്കുക എന്നിവയാണ് കോഡുകളുടെ മുഖ്യലക്ഷ്യം.
ഇതിനെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാർടികളും തുടക്കംമുതൽ എതിർത്തു. കോഡുകളുടെ യഥാർഥ സ്വഭാവം വ്യക്തമായതോടെ എതിർപ്പ് വ്യാപകമായി. തൊഴിൽ സമവർത്തി പട്ടികയിൽ വരുന്ന വിഷയമായതിനാൽ ഇവ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളും നിയമം പാസാക്കണം. തമിഴ്നാട് സർക്കാർ കോഡുകൾ നടപ്പാക്കാൻ നിയമം കൊണ്ടുവന്നെങ്കിലും അതിശക്തമായ പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ ഉയർത്തിയ മുദ്രാവാക്യങ്ങളിൽ പ്രധാനം തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നതാണ്. സംയുക്ത കിസാൻ മോർച്ചയും തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യാന്തര തൊഴിൽ സംഘടനയുടെ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കേണ്ട ലോക്സഭാ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും തൊഴിൽ കോഡുകൾ മരവിപ്പിക്കാൻ കേന്ദ്രം തീരുമാനം എടുത്തേക്കും. കർഷകരോഷത്തിനു കീഴടങ്ങിയ മോദി സർക്കാർ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസും മൂന്നു കാർഷിക നിയമവും പിൻവലിച്ചിട്ടുണ്ട്.