ന്യൂഡൽഹി> മധ്യപ്രദേശിലെ സാഗർ ജില്ലയിൽ കത്തോലിക്കാ സഭയുടെ അനാഥാലയത്തിൽ റെയ്ഡിനിടെ വൈദികരെ മർദിച്ചശേഷം അറസ്റ്റ് ചെയ്തു. സാഗർ രൂപതയ്ക്കു കീഴിൽ 150 വർഷത്തോളമായി പ്രവർത്തിക്കുന്ന ശംബുര സെന്റ് ഫ്രാൻസിസ് സേവാധാം അനാഥാലയത്തിലായിരുന്നു ചൊവ്വാഴ്ച ബാലാവകാശ കമീഷന്റെ ‘മിന്നൽ പരിശോധന’യ്ക്കിടെ അതിക്രമമുണ്ടായത്. ഇവിടെ പരിശോധന നടത്തുന്നത് ഹൈക്കോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയിട്ടും സംഘം ഗൗനിച്ചില്ലന്ന് വൈദികർ പറഞ്ഞു.
കുർബാനയ്ക്കായി സൂക്ഷിച്ച ആനാംവെള്ളം മദ്യമാണെന്ന് ആരോപിച്ച് ഇവർ വാർത്താസമ്മേളനവും നടത്തി. പരിസരത്തുള്ള പള്ളി, കോൺവെന്റ്, കുട്ടികളുടെ രണ്ടു ഹോസ്റ്റൽ എന്നിവയും പരിശോധിച്ചു. തുടർന്ന്, പള്ളി അൾത്താരയിലേക്ക് അതിക്രമിച്ച് കയറിയത് എതിർത്ത വൈദികരായ ഇ പി ജോഷി, നവീൻ എന്നിവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും വിശുദ്ധ വസ്തുക്കളോട് അനാദരവ് കാട്ടിയെന്നും ഇവർ ആരോപിച്ചു. അന്തേവാസിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് പിരശോധനയെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥർ രേഖകൾ നൽകാൻ തയ്യാറായില്ല.
കംപ്യൂട്ടറുകൾ, സിസിടിവികൾ, മൊബൈൽ ഫോണുകൾ, സുപ്രധാന രേഖകൾ തുടങ്ങിയവ നശിപ്പിച്ചു. 2020 മുതൽ അനാഥാലയത്തിന്റെ ലൈസൻസ് ബിജെപി സർക്കാർ പുതുക്കി നൽകിയിട്ടില്ല. 18 തവണ അപേക്ഷ നൽകിയെന്ന് ഫാ. സാബു പുത്തൻപുരയ്ക്കൽ ദേശാഭിമാനിയോട് പറഞ്ഞു. കഴിഞ്ഞ വർഷം ബീഫ് വിളമ്പിയെന്നും മതപരിവർത്തനം നടത്തിയെന്നും ആരോപിച്ച് സ്ഥാപനത്തിൽനിന്ന് കുട്ടികളെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ആരോപണം പൊളിഞ്ഞതോടെ കുട്ടികളെ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് ഹൈക്കോടതി തടഞ്ഞു. നിലവിൽ 37 കുട്ടികളാണ് ഇവിടെയുള്ളത്. നിർദിഷ്ട കന്യകുമാരി– -കശ്മീർ റോഡിനു സമീപത്തുള്ള അനാഥാലയത്തിന്റെ ഭൂമിയിൽ ബിജെപി മന്ത്രിമാർക്കും ഭൂമാഫിയക്കും കണ്ണുണ്ടെന്നും ഇവർ പറഞ്ഞു.