ബംഗളൂരു> അവസാനപാദത്തിലും സർവേകൾ ചൂണ്ടിക്കാണിക്കുന്നത് കർണാടകത്തിൽ ബിജെപി വീഴുമെന്നാണ്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് വരുമെന്നും ചില മാധ്യമങ്ങൾ നിരീക്ഷിക്കുന്നു.
കേവല ഭൂരിപക്ഷമായ 113 സീറ്റ് കിട്ടിയാലും കോൺഗ്രസിന് ഭരിക്കാനാകുമോയെന്ന ഭയം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കുവച്ചിട്ടുണ്ട്. സർക്കാരിനെതിരായ ജനവികാരമുള്ളതിനാൽ ഭരണനേട്ടം ചർച്ചയാക്കാൻ ബിജെപി തയ്യാറായിട്ടില്ല. നിശ്ശബ്ദ പ്രചാരണം നടന്ന ചൊവ്വാഴ്ച വീടുകളിൽ ‘ഹനുമാൻ ചാലിസ’ നടത്താനായിരുന്നു ബിജെപിയുടെ ശ്രദ്ധ.
ആടിനിൽക്കും മണ്ഡലങ്ങൾ നിർണായകം
കർണാടകത്തിൽ ഒറ്റയ്ക്ക് ഭരിക്കാമെന്ന പാർടികളുടെ മോഹങ്ങളെ തകിടംമറിക്കുന്നത് എങ്ങോട്ടും മറിയാവുന്ന മണ്ഡലങ്ങൾ. 2018ൽ 24 മണ്ഡലത്തിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയാണ്. ഇതിൽ നാലിടത്ത് കോൺഗ്രസ് ജയിച്ചത് 1000 വോട്ട് ഭൂരിപക്ഷത്തിലും. മസ്കി, പാവഗഡാ, കുണ്ഡ്ഗോൾ, അലന്ത്, ഹിരെകെരൂർ എന്നീ മണ്ഡലങ്ങളിൽ ഭൂരിപക്ഷം 700 വോട്ടും. 74 സ്ഥാനാർഥികൾ ജയിച്ചത് 10,000ൽ താഴെ ഭൂരിപക്ഷം നേടിയാണ്. സ്വതന്ത്രർ, അപരന്മാർ, പ്രാദേശിക പാർടികൾ തുടങ്ങിയവരുണ്ടാക്കുന്ന വെല്ലുവിളി ഇവിടങ്ങളിൽ വലുതാണ്. ഭരണവിരുദ്ധ വികാര വോട്ടുകൾ ഇത്തരത്തിൽ ഭിന്നിച്ചുപോകുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്.
പണമൊഴുകുന്നു; കർണാടകത്തിൽ പിടിച്ചെടുത്തത് 375 കോടി
ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽനിന്ന് എൻഫോഴ്സ്മെന്റ് സംഘങ്ങൾ പിടിച്ചെടുത്തത് പണമടക്കം 375 കോടി രൂപയുടെ വസ്തുക്കൾ. മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് സൗജന്യമായി നൽകാൻ കരുതിയ വസ്തുക്കളും പിടിച്ചെടുത്തു. 2018ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.5 മടങ്ങ് അധികമാണ് ഇത്തവണ പിടിച്ചെടുത്ത വസ്തുക്കൾ. മാർച്ച് 29ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം 288 കോടി രൂപയുടെ ആസ്തി വകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.