ന്യൂഡൽഹി> പാരമ്പര്യരീതികളെ മറികടക്കുന്നതാണ് ഭരണഘടനയുടെ സ്വഭാവമെന്നും ഇല്ലായിരുന്നുവെങ്കിൽ ജാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുമായിരുന്നുവെന്നും സുപ്രീംകോടതി. സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്റെ നിരീക്ഷണം.
തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയിലെ 14–-ാം അനുച്ഛേദം, വിവേചനത്തിന് എതിരായ 15–-ാം അനുച്ഛേദം തുടങ്ങിയവയെല്ലാം പാരമ്പര്യരീതികളുടെ നിഷേധത്തിനുള്ള ഉദാഹരണങ്ങളാണെന്ന് ഭരണഘടനാബെഞ്ചിൽ അംഗമായ ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് ചൂണ്ടിക്കാണിച്ചു.