തിരുവനന്തപുരം> താനൂർ ബോട്ടപകടം സംബന്ധിച്ച് രാഷ്ട്രീയമായി തിരിച്ചുവിടാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതിനു പിന്നിൽ സ്വയം രക്ഷപ്പെടാനുള്ള ശ്രമം. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ ആളെ കയറ്റി നിയമവിരുദ്ധമായി രാത്രിയിൽ ഓടിച്ചുണ്ടാക്കിയ ദുരന്തമാണ് താനൂരിലേത്. അത് സർക്കാർ സ്പോൺസേഡ് ദുരന്തമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഉടമയ്ക്ക് ഉന്നതങ്ങളിൽ സ്വാധീനമെന്ന് ലീഗ് നേതാവ് കെ പി എ മജീദും ആരോപിക്കുന്നു.
അപകടമുണ്ടായി നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ രാത്രിയിൽത്തന്നെ പരമാവധി പേരെ രക്ഷപ്പെടുത്താനും ശ്രമിച്ചു. പിറ്റേന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയിലെ ഭൂഭിഭാഗം അംഗങ്ങളും അവിടെ എത്തി. ദുഃഖാർത്തരായ കുടുംബങ്ങളെ ചേർത്തുപിടിച്ചു. മതിയായ സഹായങ്ങൾ ഉറപ്പുവരുത്തി. പ്രതിപക്ഷത്തിന്റെകൂടി അഭിപ്രായംതേടി സഹായധനവും പ്രഖ്യാപിച്ചു. ബോട്ടുടമയെ പിടികൂടി, കൊലക്കുറ്റമടക്കം ചുമത്തി. ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. നാട്ടുകാരും സർക്കാർ ഇടപെടലിൽ സംതൃപ്തരാണ്.
എന്നാൽ, ഈ സാഹചര്യത്തെയും എങ്ങനെ വഷളാക്കാമെന്ന ചിന്തയാണ് ചില യുഡിഎഫ് നേതാക്കൾക്ക്. മുൻകാല വീഴ്ചകൾ മറച്ചുവയ്ക്കാൻ കൂടിയാണിത്. 2002ലെ കുമരകം ബോട്ടപകടത്തെ തുടർന്ന് ആന്റണി സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ല. ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2003 ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. രണ്ടു സർക്കാരുകളുടെ സമീപനത്തിലെ വ്യത്യാസമാണിത്. 2009 മെയ് ആറിന് തേക്കടി ജലാശയത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ വി എസ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് മൈതീൻകുഞ്ഞ് കമീഷൻ 2011ലെ ഉമ്മൻചാണ്ടി സർക്കാരിന് റിപ്പോർട്ട് നൽകി.
പ്രധാന ശുപാർശകളിൽ ഒന്നായിരുന്നു ഉൾനാടൻ ജലഗതാഗതത്തിലെ സുരക്ഷയ്ക്കും മേൽനോട്ടത്തിനുമായി മാരിടൈം ബോർഡ് പോലുള്ള ഒരു ഏജൻസി രൂപീകരിക്കണമെന്നത്. 2017ൽ പിണറായി സർക്കാരാണ് അത് നടപ്പാക്കിയത്. മാരിടൈം ബോർഡ് ആക്റ്റ് പ്രകാരം ചെയർമാനെയും അംഗങ്ങളെയും നിശ്ചയിച്ച ഓർഡിനൻസ് അഞ്ച് മാസത്തോളം ഗവർണർ പിടിച്ചുവച്ചു. സ്പോൺസേർഡ് ദുരന്തമെന്ന് ആക്ഷേപിക്കുന്ന കെ സുരേന്ദ്രനടക്കമുള്ളവർ തന്ത്രപ്രധാന ഓർഡിനൻസ് പിടിച്ചുവച്ചെന്നതിന് മറുപടി പറയണം.