ന്യൂഡൽഹി
ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരും കേന്ദ്ര സർക്കാരും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് സുപ്രീംകോടതിയിൽ ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ സത്യവാങ്മൂലം നൽകി. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയണമെന്ന ആർച്ച് ബിഷപ് അടക്കമുള്ള ഹര്ജിയിലെ കേന്ദ്രസര്ക്കാര് നിലപാടിനെതിരെയാണ് സത്യവാങ്മൂലം നല്കിയത്.
അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് കേന്ദ്ര സർക്കാർ നേരത്തേ സത്യവാങ്മൂലം നല്കിയിരുന്നു. അതിക്രമങ്ങൾ ഉണ്ടായിട്ടില്ലെന്ന സത്യവാങ്മൂലത്തിലൂടെ ആരാണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്രിക്കുന്നതെന്നും ഇത് കോടതി മുഖവിലയ്ക്ക് എടുക്കരുതെന്നും ബംഗളൂരു ആർച്ച് ബിഷപ്, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ തുടങ്ങിയ ഹർജിക്കാർ എതിർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
അതിക്രമങ്ങളില് ആർഎസ്എസിനു പുറമെ ‘ഹിന്ദു സംഘാതൻ’, ‘ഹിന്ദുവാദി സംഘാതൻ’, ‘ഹിന്ദു ജാഗരൺ മഞ്ച്’, ബജ്റംഗദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകളുടെ പങ്കും ഹർജിക്കാർ തുറന്നുകാട്ടി. അന്വേഷണത്തിന് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിക്കണം. വിശ്വാസ്യതയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനുള്ള അധികാരം നൽകണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം രൂപീകരിച്ചതിനുശേഷമാണ് ആക്രമണങ്ങൾ രൂക്ഷമായത്. വിദഗ്ധമായ ആസൂത്രണം അതിനു പിന്നിലുണ്ടെന്നും- എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.