ബംഗളൂരു
ബാഗേപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി ഡോ. എ അനിൽകുമാറിന്റെ വീട്ടിൽ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോകാൻ ബിജെപി ശ്രമം.
ഞായർ രാത്രി ആക്രമണം നടത്തിയ സംഘത്തിലെ 19 പേരെ അറസ്റ്റുചെയ്തു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് അറസ്റ്റ്. രണ്ട് കാറുകളിലാണ് അക്രമികൾ എത്തിയതെന്ന് സ്ഥാനാർഥി അനിൽകുമാർ പറഞ്ഞു. ഇവരുടെ ബാഗിൽനിന്ന് കത്തികളും കൈത്തോക്കുകളും കണ്ടെത്തിയതായും സിപിഐ എം പ്രവർത്തകർ പറഞ്ഞു.
അതിക്രമിച്ച് എത്തിയവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഞായർ രാത്രിതന്നെ ബാഗേപ്പള്ളി പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നു. സ്ഥാനാർഥിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്ന് സിപിഐ എം ചിക്കബല്ലാപുര ജില്ലാ സെക്രട്ടറി മുനി വെങ്കിടപ്പ പറഞ്ഞു. എല്ലാ യൂണിറ്റുകളോടും പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി യു ബസവരാജ ആഹ്വാനം ചെയ്തു. ബാഗേപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ യോഗത്തിൽ നൂറുകണക്കിന് സിപിഐ എം പ്രവർത്തകർ അണിനിരന്നു.