മനാമ> കുവൈത്തിൽ അടിയന്തരമല്ലാത്ത ചികിത്സയ്ക്കായി രക്തം കയറ്റുന്നതിന് പ്രവാസികളിൽനിന്ന് ഫീസ് ഈടാക്കാൻ തീരുമാനം. താമസക്കാർക്ക് ഒരു ബാഗ് രക്തത്തിന് 20 കുവൈത്തി ദിനാറും (5336 രൂപ) വിസിറ്റ് വിസയിലുള്ളവർക്ക് 40 ദിനാറും (10,673 രൂപ) ഈടാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.
രക്തശേഖരം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. എന്നാൽ, പ്രവാസികളിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർ, അർബുധ രോഗികൾ, കുട്ടികൾ, മറ്റ് മാനുഷിക സാഹചര്യങ്ങളിലുള്ള രോഗികൾ എന്നിവരിൽനിന്ന് ഫീസ് ഈടാക്കില്ല. സ്വന്തം രക്തദാതാക്കളെ നൽകുന്ന പ്രവാസികളെയും ഫീസിൽനിന്ന് ഒഴിവാക്കി. കൂടാതെ, രക്തം കയറ്റുന്നതുമായി ബന്ധപ്പെട്ട 37 ലാബ് പരിശോധനയ്ക്കും പ്രവാസികളിൽനിന്ന് ഫീസ് ഈടാക്കും.