ഷാർജ > ഷാർജ വായനോത്സവത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹം ഷാർജ സുൽത്താൻ അനുവദിച്ചു. ഇത്രയും തുകയ്ക്കുള്ള പുസ്തകങ്ങൾ എമിറേറ്റിലെ പബ്ലിക്, ഗവൺമെന്റ് ലൈബ്രറികളിൽ നൽകും. കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുത്തിരിക്കുന്ന പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തുക ശൈഖ് അനുവദിച്ചത്. എല്ലാ വർഷവും ഇത്തരത്തിൽ ഒരു നിശ്ചിത തുക അനുവദിക്കാറുണ്ട്. യുവതലമുറയ്ക്ക് അറിവും ഭാവനയും വളർത്തുന്നതിനും., വായനയുടെ ലോകത്തിലേക്ക് അവരെ എത്തിക്കുന്നതിനും ഷാർജ ഭരണാധികാരി വഹിക്കുന്ന പങ്ക് മാതൃകയാണ്. അറബി ഭാഷയിലും വിദേശ ഭാഷകളിലും വിവിധ വിഷയങ്ങളിൽ അറിവ് വളർത്തുന്നതിനു വേണ്ടി പുസ്തകങ്ങളിൽ നിക്ഷേപിക്കുക എന്ന സുൽത്താന്റെ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് ഈ സംരംഭം.
നോവലുകൾ, കവിതകൾ, വിജ്ഞാനം, വിനോദം, സർഗാത്മക കലകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ബാലസാഹിത്യത്തിലെ പുതിയ സൃഷ്ടികൾ വായനോത്സവത്തിന് എത്തുന്ന പ്രസാധകർ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. 16 രാജ്യങ്ങളിൽ നിന്നുള്ള 93 ഓളം അറബി പ്രസാധകരും, 48 ഓളം ഇന്റർനാഷണൽ പ്രസാധകരും ഉൾപ്പെടെ 141 പ്രസാധകരാണ് വായനോത്സവത്തിൽ എത്തിയിട്ടുള്ളത്.