ലണ്ടൻ
മുഹമ്മദ് സലായുടെ ഗോളടി മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മുന്നേറ്റം. ബ്രെന്റ്ഫോർഡിനെ ഒരു ഗോളിന് തോൽപ്പിച്ച ലിവർപൂളിന് അഞ്ചാംസ്ഥാനത്ത് 62 പോയിന്റായി. ലിവർപൂളിനുവേണ്ടി തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ ഗോളടിക്കുന്ന കളിക്കാരനുമായി ഈ ഈജിപ്തുകാരൻ. ആൻഫീൽഡിൽ 100 ഗോളും തികച്ചു. സീസണിൽ 30–-ാംഗോൾ.
ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷ യുർഗൻ ക്ലോപ്പിന്റെ സംഘം സജീവമാക്കി. ലിവർപൂൾ 35 കളിയാണ് പൂർത്തിയാക്കിയത്. 33 കളിയിൽ 63 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് നാലാമത്. ലീഗിൽ തുടർച്ചയായ ആറാംജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. 17 ഗോളടിച്ചപ്പോൾ വഴങ്ങിയത് ഏഴെണ്ണംമാത്രം.
കളിതുടങ്ങി 15 മിനിറ്റിനുള്ളിൽ സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു. വിർജിൽ വാൻ ഡിക്കിന്റെ ഹെഡറാണ് വഴിയൊരുക്കിയത്. മറുവശത്ത് ബ്രെന്റ്ഫോർഡിനായി ബ്രയാൻ എംബൗമോ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. പിന്നാലെ ലീഡ് വർധിപ്പിക്കാനുള്ള അവസരം കോഡി ഗാക്പോ പാഴാക്കി. സീസണിൽ മൂന്ന് കളിയാണ് ലിവർപൂളിന് ശേഷിക്കുന്നത്. ലെസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല, സതാംപ്ടൺ ടീമുകൾക്കെതിരെയാണ് മത്സരം.