താനൂർ
കഴിഞ്ഞ സെപ്തംബർ 11ന് വള്ളംകളിക്കായി ആർപ്പുവിളിച്ച പൂരപ്പുഴയുടെ ഇരുകരകളും ഞായറാഴ്ച രാത്രി തേങ്ങലിന്റെ ആഴങ്ങളിൽ പിടഞ്ഞു. ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറി. 19 ജീവനാണ് ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞത്. ഞായറാഴ്ച സായാഹ്നം ഉല്ലാസഭരിതമാക്കാൻ കുടുംബത്തോടെ എത്തിയതായിരുന്നു മിക്കവരും. വൈകിട്ട് ആറിനുശേഷം ബോട്ടിൽ കയറിയവർ ആരുമറിഞ്ഞില്ല യാത്ര മരണക്കയത്തിലേക്കാണെന്ന്. ആളുകൾ കൂടുതലായി കയറിയതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ അധികവും. ലൈഫ് ജാക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇരുട്ട് പരന്നതും ബോട്ട് തലകീഴായി മറിഞ്ഞതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. നാടൊട്ടുക്ക് ജീവനുകളെ രക്ഷിക്കാൻ കൈകോർത്തെങ്കിലും മരണസംഖ്യ കുറയ്ക്കാനായില്ല. രാത്രി ഏറെ വൈകിയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ ആശുപത്രികളിലേക്ക് പാഞ്ഞു