സെവിയ്യ
2014നുശേഷം ആദ്യമായി റയൽ മാഡ്രിഡിന് സ്പാനിഷ് കിങ്സ് കപ്പ്. കടുത്ത പോരാട്ടത്തിൽ ഒസാസുനയെ 2–-1ന് തോൽപ്പിച്ചായിരുന്നു റയലിന്റെ കിരീടനേട്ടം. ബ്രസീലുകാരൻ റോഡ്രിഗോ റയലിനുവേണ്ടി ഇരട്ടഗോളടിച്ചു.ഒസാസുന ചരിത്രത്തിൽ രണ്ടാംതവണമാത്രമാണ് കിങ്സ് കപ്പ് ഫൈനലിൽ കടന്നത്. 103 വർഷത്തിനിടെ ആദ്യ കിരീടം തേടിയിറങ്ങിയ ഒസാസുന പൊരുതിയെങ്കിലും റയലിനെ മറികടക്കാനായില്ല. മുന്നേറ്റനിരയ്ക്ക് മൂർച്ചയില്ലാത്തത് തിരിച്ചടിയായി. ലൂകാസ് ടോറോയാണ് ഒരു ഗോൾ മടക്കിയത്. പ്രതീക്ഷയോടെ ഇറങ്ങിയ ഒസാസുനയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടി കിട്ടി. 106 സെക്കൻഡിൽ റയൽ മുന്നിൽ. സ്പാനിഷ് കപ്പിൽ 17 വർഷത്തിനിടെയുള്ള ഏറ്റവും വേഗമേറിയ ഗോൾ.
ഒരിടവേളയ്ക്കുശേഷം വിനീഷ്യസ് ജൂനിയർ റയൽ നിരയിലേക്ക് തിരിച്ചെത്തിയത് അവരുടെ നീക്കങ്ങൾക്ക് കൃത്യത നൽകി. സ്പാനിഷ് ലീഗിൽ റയൽ സോസിഡാഡിനോട് തോറ്റ ടീമിൽ അഞ്ച് മാറ്റങ്ങളാണ് റയൽ പരിശീലകൻ കാർലോ ആൻസെലോട്ടി നടത്തിയത്. ഒസാസുനയ്ക്കെതിരെ തുടക്കംമുതൽ വിനീഷ്യസ് മിന്നുന്ന കളി പുറത്തെടുത്തു. ഇടതുപാർശ്വത്തിൽ കുതിപ്പ് നടത്തി. ഈ ബ്രസീലുകാരന്റെ നീക്കമാണ് ആദ്യ ഗോളിന് വഴിതുറന്നത്. ഇടതുഭാഗത്ത് ഒസാസുന പ്രതിരോധ കളിക്കാരനെ മറികടന്ന വിനീഷ്യസ് ഗോൾമുഖത്തുള്ള റോഡ്രിഗോയിലേക്ക് പന്തൊഴുക്കി. റോഡ്രിഗോ റയലിന് ലീഡും നൽകി. പിന്നാലെ കരിം ബെൻസെമയുടെ നീക്കത്തെ സെർജിയോ ഹെരേര തടഞ്ഞു. മറുവശത്ത് ഒസാസുന താരം ജഗോബ അറാസറ്റെ സമനില ഗോളിന് അടുത്തെത്തിയെങ്കിലും പന്ത് ബാറിനുമുകളിലൂടെ പറത്തുകയായിരുന്നു. ഇടവേളയ്ക്കുമുമ്പുള്ള ശ്രമങ്ങളെല്ലാം പാഴായി.
എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ അവർ തിരിച്ചടിച്ചു. ടോറോ ലക്ഷ്യംകണ്ടു. കളി തീരാൻ 20 മിനിറ്റ് ശേഷിക്കെ റയൽ ലീഡ് തിരിച്ചുപിടിച്ചു. ഇക്കുറിയും ഗോളിലേക്കുള്ള വഴി വെട്ടിയത് വിനീഷ്യസായിരുന്നു. ടോണി ക്രൂസിലേക്ക് പന്തിട്ടു. ക്രൂസിന്റെ അടി ഒസാസുന പ്രതിരോധക്കാരൻ ഗാർഷ്യ തടഞ്ഞു. എന്നാൽ, പന്ത് കിട്ടിയത് റോഡ്രിഗോയുടെ കാലുകളിൽ. അവസാന നിമിഷങ്ങളിൽ സമനില പിടിക്കാൻ ഒസാസുന ആഞ്ഞുശ്രമിച്ചു. പക്ഷേ, റയൽ പ്രതിരോധതാരം ഡാനി കർവഹാലിന്റെ മിടുക്കിൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടു.
മത്സരത്തിൽ അഞ്ചുതവണയാണ് ഒസാസുന ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തത്. റയൽ മൂന്നുതവണയും. റയലിന്റെ 20–-ാംകിങ്സ് കപ്പാണിത്.
ചാമ്പ്യൻസ് ലീഗിൽ നാളെ മാഞ്ചസ്റ്റർ സിറ്റിയുമായി ആദ്യപാദ സെമിക്ക് ഇറങ്ങുകയാണ് റയൽ. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം. ലീഗിൽ ബാഴ്സലോണയ്ക്കും അത്ലറ്റികോ മാഡ്രിഡിനും പിന്നിൽ മൂന്നാമതാണ് റയൽ.















