കുമളി
അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നത് -തമിഴ്നാട് അതിർത്തിയിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. ഞായറാഴ്ച കേരള വനാതിർത്തിയിൽ മേഘമലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ഇവിടെ ആക്രമണം നടത്തിയതായി അധികൃതരുടെ റിപ്പോർട്ടിൽ ഇല്ല. എന്നാല്, മേഘമല ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്നം വഷളാക്കി. ഇതോടെ മേഘമലയിലേക്കുള്ള വിനോദസഞ്ചാരികളെ രണ്ടുദിവസമായി തമിഴ്നാട് അധികൃതർ തടഞ്ഞു.
ആന മേഘമലയിൽ വീടും തമിഴ്നാട് ഫോറസ്റ്റ് വാഹനവും തകർത്തെന്ന് മാധ്യമങ്ങൾ വാർത്ത നൽകി. ക്രമസമാധാന തകർച്ചയെ തുടർന്ന് അവിടെ 144 പ്രഖ്യാപിച്ചതായും വാർത്ത വന്നു. അതിർത്തി പങ്കിടുന്ന കടുവാ സങ്കേതങ്ങളായ പെരിയാർ കടുവാ സങ്കേതവും മേഘമല കടുവാ സങ്കേതവും യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനിടയാണ് ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നത്.