അബുദാബി > ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നീ ഘടകങ്ങൾ മുൻനിർത്തി ലുലു ഹൈപ്പർ മാർക്കറ്റിന് റീട്ടെയിൽ രംഗത്തെ വ്യാപാര മികവിനുള്ള ഷെയ്ക്ക് ഖലീഫ എക്സലൻസ് പുരസ്കാരം ലഭിച്ചു. അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ഷേക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം അബുദാബി കിരീടവകാശി ഷെയ്ക്ക് ഖാലിദ് ബിൻ അൽ നഹ്യാനിൽ നിന്ന് ലുലുവിന്റെ പ്രതിനിധികൾ ഏറ്റുവാങ്ങി.
അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, ലുലു ദുബായ് ഡയറക്ടർ ജെയിംസ് വർഗീസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നേതൃത്വം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വിഭവശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങിയ നിരവധി മാനദണ്ഡങ്ങളാണ് ജൂറി കമ്മിറ്റി വിലയിരുത്തിയത്. യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റിന്റെ എക്സലൻസ് മോഡൽ അനുസരിച്ചുള്ള വ്യവസ്ഥകളും ഉപാധികളും പരിഗണിച്ച് കർശനമായ പരിശോധനയിലൂടെയാണ് അവാർഡ് നിശ്ചയിക്കുന്നത്.