ന്യൂഡൽഹി
കേന്ദ്ര –- സംസ്ഥാന ബിജെപി സർക്കാരുകളുടെ അനാസ്ഥയിൽ കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഇത്. മലയോരമേഖലകളില് ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിന് സൈനികരെയും അർധ സേനാംഗങ്ങളെയും സംസ്ഥാനത്ത് വിന്യസിച്ചു. ഏതുനിമിഷവും എന്തുംസംഭവിക്കാമെന്ന ഭീതിയിലാണ് ജനം. കാൽലക്ഷംപേർ അഭയാർഥി ക്യാമ്പിലാണ്. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നുണ്ട്. ഇന്ധനം കിട്ടാതായി. എടിഎമ്മുകൾ കാലിയായി.
ഇംഫാലിലെ റീജിയണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (റിംസ്) 22, ജവാഹർലാൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 12, ചുരാചന്ദ്പുർ ജില്ലാ ആശുപത്രിയിൽ 12 വീതം മൃതദേഹങ്ങളുണ്ട്. ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥന് ലെത്മിന്താങ് ഹാവോകിപ് ഇംഫാലില് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ ചങ്ലൻ ഹവോകിപ് ചുരാചന്ദ്പുരില് വെടിയേറ്റ് മരിച്ചു.
സുബ്രതോ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ താരമായ മാങ്മിൻജോയ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെപ്പേരെ കൊണ്ടുവരുന്നതായി റിംസിലെ ഡോക്ടർമാർ പറഞ്ഞു.ഇംഫാൽ താഴ്വരയിലെ കുക്കി ജനവാസകേന്ദ്രം പൂർണമായി തകർത്തു.
മെയ്ത്തീ –- കുക്കി വിഭാഗങ്ങൾ അക്രമാസക്തരായി സംഘടിക്കുന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമാണ്. ചുരാചന്ദ്പുരിൽ കുക്കി യുദ്ധസ്മാരകം കത്തിച്ചതിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. ഇതിനെതിരായി മെയ്ത്തീ വിഭാഗങ്ങൾ സംഘടിച്ച് നീങ്ങിയപ്പോൾ പൊലീസ് നിഷ്ക്രിയരായി. പർവതമേഖലകളിൽ സംസ്ഥാന സർക്കാർ നടത്തിയ ഒഴിപ്പിക്കലും ഗോത്രവർഗക്കാരിൽ അസ്വസ്ഥത പടർത്തി.