തിരുവനന്തപുരം
എഐ കാമറ ഇടപാട് അഴിമതിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശനിയാഴ്ച പുറത്തുവിട്ടത് പദ്ധതി നിർദേശത്തിന്റെ ഒരു ഭാഗംമാത്രം. രണ്ടാംഭാഗം മറച്ച് ആദ്യഭാഗത്തെ കണക്ക് മൊത്തം പദ്ധതിച്ചെലവായി അവതരിപ്പിച്ചു. ട്രോയിസ് കമ്പനി നൽകിയ ഫിനാൻഷ്യൽ പ്രൊപ്പോസലിന്റെ ആദ്യഭാഗത്ത് ചെലവ് 57 കോടി രൂപയാണ്. കൺട്രോൾ റൂം ചെലവടക്കം വരുന്ന രണ്ടാംഭാഗം ഒഴിവാക്കിയാണ് പ്രതിപക്ഷ നേതാവ് 100 കോടിയുടെ അഴിമതിയെന്ന ആരോപണം ഉന്നയിച്ചത്. സമാനമായി ലൈറ്റ് മാസ്റ്റേഴ്സ് കമ്പനി നൽകിയതിന്റെ ഒരുഭാഗം ഉയർത്തിയാണ് കഴിഞ്ഞയാഴ്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 132 കോടിയുടെ അഴിമതി ആരോപിച്ചത്. അന്നും പ്രൊപ്പോസലിന്റെ രണ്ടാംഭാഗം ഒഴിവാക്കി.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നികുതിയുൾപ്പെടെ 33.59 കോടി, സോഫ്റ്റ്വെയർ ലൈസൻസ് അടക്കമുള്ളവയ്ക്ക് 10.27 കോടി, ഫീൽഡ് ഇൻസ്റ്റലേഷന് 4.93 കോടി, വാർഷിക മെയിന്റനൻസിന് 8.2 കോടി ഉൾപ്പെടെയാണ് ട്രോയ്സിന്റെ ഒരു പ്രൊപ്പോസൽ. സംസ്ഥാന, ജില്ലാ കൺട്രോൾ റൂമുകളിലെ സംവിധാനമൊരുക്കൽ, 360 ലാപ് ടോപ്, 138 ഡെസ്ക് ടോപ് അടക്കം വരുന്നതാണ് രണ്ടാംഭാഗം. 23 കോടി രൂപ ജിഎസ്ടി ഉൾപ്പെടെ 151 കോടി രൂപയുടെ കരാറാണ് കെൽട്രോൺ എസ്ആർഐടിക്ക് നൽകിയത്. ജിഎസ്ടി അടക്കം ആദ്യം ഒടുക്കി ജോലികൾ പൂർത്തിയാക്കിയശേഷം അഞ്ചുവർഷംകൊണ്ടാണ് ഈ തുക ലഭിക്കുക.
പ്രതിപക്ഷം ഏറ്റെടുക്കുന്നത് ടെൻഡറിൽ
പങ്കെടുക്കാത്ത കമ്പനികളുടെ വക്കാലത്ത്
സേഫ് കേരള പദ്ധതിയിൽ പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും വിവാദമുയർത്തുന്നത് ടെൻഡറിൽ പങ്കെടുക്കുകയോ കരാറിന്റെ ഭാഗമാകുകയോ ചെയ്യാത്ത കമ്പനികളുടെ വക്കാലത്തുമായി. പദ്ധതിയിൽ സഹകരിക്കുന്ന കമ്പനികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയോ ഉടക്കിപ്പോകുകയോ ചെയ്ത കമ്പനികൾ പറയുന്നത് കണ്ണുംപൂട്ടി വിശ്വസിച്ചാണ് രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതിക്കെതിരെ ആക്ഷേപമുന്നയിക്കുന്നത്. കാമറയുടെ വിലയായി ഈ കമ്പനികൾ പറയുന്ന തുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ കമ്പനികൾ അവകാശപ്പെടുന്നത്. എന്നാൽ, എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ലെന്ന പ്രസക്തമായ ചോദ്യത്തിനു മറുപടിയില്ല. 2018ൽ പ്രഖ്യാപിച്ച പദ്ധതി പൂർത്തിയായശേഷമാണ് ഈ കമ്പനികൾ രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയം. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ടെൻഡർ നടപടികളെന്നു വാദിക്കുന്ന ഇവർ അതിനെതിരെ കോടതിയെ സമീപിക്കാനോ നിയമനടപടി സ്വീകരിക്കാനോ തയ്യാറായിട്ടുമില്ല. പദ്ധതി സംബന്ധിച്ച് പുകമറ സൃഷ്ടിക്കുകയാണ് ഇതിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
100 കോടിയുടെ
അഴിമതിയെന്ന് സതീശൻ
സേഫ് കേരള പദ്ധതിയിൽ എഐ കാമറ സ്ഥാപിച്ചതിൽ 100 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. ട്രോയിസ് കമ്പനി നൽകിയത് 57 കോടിയുടെ പ്രൊപ്പോസലാണ്. എന്നാൽ, 151 കോടി രൂപയ്ക്ക് ടെൻഡർ നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തു. അന്വേഷണം നടത്തിയാൽ തെളിവുകൾ നൽകാം. എല്ലാ തെളിവുകളും പൊതുവേദിയിൽ പറയേണ്ട കാര്യമില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
യുഡിഎഫ് കാലത്തെ
കരാറിനെക്കുറിച്ച്
ചോദ്യംവേണ്ട
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കാമറ സ്ഥാപിക്കാൻ നൽകിയ കരാറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് പ്രതിപക്ഷനേതാവ് ഒഴിഞ്ഞുമാറി. 100 കാമറ സ്ഥാപിക്കാനുള്ള 40.31 കോടിയുടെ പദ്ധതി നടപ്പാക്കിയതിനെക്കുറിച്ച് തുടർച്ചയായി ചോദ്യമുയർന്നപ്പോഴാണ് അത്തരം ചോദ്യംവേണ്ടെന്നു പറഞ്ഞത്. നേരത്തേ, കരാർ ചൂണ്ടിക്കാട്ടിയപ്പോൾ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നായിരുന്നു സതീശന്റെ പ്രതികരണം. മാധ്യമങ്ങൾ ശനിയാഴ്ച രേഖകൾസഹിതം പ്രസിദ്ധീകരിച്ച കരാറിനെക്കുറിച്ച് വീണ്ടും ചോദിച്ചു. ഇതോടെയാണ് ചോദ്യം ആവർത്തിച്ചെന്നും ഇത് ശരിയല്ലെന്നും പ്രതികരിക്കാനില്ലെന്നും സതീശൻ പറഞ്ഞത്.