ലണ്ടൻ
ലീഡ്സ് യുണൈറ്റഡിനെ 2–-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള പ്രതീക്ഷ സജീവമാക്കി. 34 മത്സരങ്ങൾ പൂർത്തിയായപ്പോൾ സിറ്റിക്ക് ഒന്നാംസ്ഥാനത്ത് 82 പോയിന്റായി. രണ്ടാമതുള്ള അഴ്സണലിനേക്കാൾ നാല് പോയിന്റ് മുന്നിൽ. ഇകായ് ഗുൺഡോവന്റെ ഇരട്ടഗോളിലായിരുന്നു സിറ്റിയുടെ ജയം. ആദ്യപകുതിയിൽതന്നെ സിറ്റി രണ്ട് ഗോളടിച്ചു. റിയാദ് മഹ്റെസാണ് രണ്ട് ഗോളിനും അവസരമൊരുക്കിയത്. എന്നാൽ, കളിയുടെ അവസാനഘട്ടത്തിൽ കിട്ടിയ പെനൽറ്റി ഗുൺഡോവൻ പാഴാക്കി. പോസ്റ്റിൽ ഇടിച്ച് തെറിക്കുകയായിരുന്നു. സിറ്റിയുടെ ഗോളടി വീരൻ എർലിങ് ഹാലണ്ടിന് മികച്ച കളി പുറത്തെടുക്കാനായില്ല. ഗുൺഡോവൻ പെനൽറ്റി പാഴാക്കിയതിനുപിന്നാലെ റോഡ്രിഗോയിലൂടെ ലീഡ്സ് ഒന്ന് തിരിച്ചടിച്ചു.
ഒമ്പതിന് ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന സിറ്റി ആധികാരികജയം കൊതിച്ചാണ് പട്ടികയിൽ അവസാന കൂട്ടത്തിലുള്ള ലീഡ്സിനെ നേരിട്ടത്. എന്നാൽ, സ്വന്തം തട്ടകത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. അവസാനഘട്ടത്തിൽ ഗോൾ വഴങ്ങിയതും ക്ഷീണമായി.
അതേസമയം തുടർത്തോൽവികൾക്കുശേഷം ചെൽസി വിജയവഴിയിലെത്തി. ബോണിമൗത്തിനെ 3–-1ന് തോൽപ്പിച്ചു. ഇടക്കാല പരിശീലകൻ ഫ്രങ്ക് ലംപാർഡിനുകീഴിൽ ആദ്യജയമാണ് നേടിയത്. കഴിഞ്ഞ ആറ് കളിയിലും തോൽവിയായിരുന്നു. ജയത്തോടെ 11–-ാംസ്ഥാനത്തായി ചെൽസി.
ക്രിസ്റ്റൽ പാലസിനെ ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം ഹോട്സ്പർ ആദ്യ നാലിലെത്താനുള്ള സാധ്യത നിലനിർത്തി. ഹാരി കെയ്നാണ് ലക്ഷ്യംകണ്ടത്. 35 കളിയിൽ 67 പോയിന്റുമായി ആറാമതാണ് ടോട്ടനം.
എട്ടാംസ്ഥാനക്കാരായ ആസ്റ്റൺ വില്ലയെ വൂൾവ്സ് ഒരു ഗോളിന് തോൽപ്പിച്ചു. ഇന്ന് അഴ്സണൽ മൂന്നാമതുള്ള ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ്ഹാം യുണൈറ്റഡാണ് എതിരാളികൾ.