ന്യൂഡൽഹി> മണിപ്പുരിൽ സംഘർഷസാഹചര്യങ്ങൾക്ക് അയവുവരുത്താൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ ബിജെപി എംഎൽഎയുടെ മകൻ. എംഎൽഎയായ തന്റെ പിതാവിന് രക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ ഗതി എന്താകുമെന്ന് ബിജെപി എംഎൽഎ വുങ്സെയിൻ വാൾട്ടെയുടെ മകൻ ജോസഫ് വാൾട്ടെ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
ആക്രമണത്തിൽ ഗുരുരപരിക്കേറ്റ വുങ്സെയിൻ വാൾട്ടെ ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎയുടെ ശരീരത്തിൽ നിരവധി ഒടിവുകളും ചതവുകളും ഉണ്ടെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നും ഡോക്ടർമാർ പ്രതികരിച്ചു. മണിപുർ മുഖ്യമന്ത്രി എൻ ബിരേൻസിങ്ങ് അധ്യക്ഷനായ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് വുങ്സെയിൻ വാൾട്ടെയ്ക്ക് നേരെ ആക്രമണമുണ്ടായത്. വടികളും മറ്റമായി ആക്രമികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് പൊലീസുകാർ എത്തി അബോധാവസ്ഥയിലായ എംഎൽഎയെ ആശുപത്രിയിൽ എത്തിച്ചു.
ബന്ധുക്കളെത്തി അദ്ദേഹത്തെ പിന്നീട് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ‘മണിപ്പുരിലെ സാഹചര്യങ്ങൾ അതീവഗുരുതരമാണ്. കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായാൽ മാത്രമേ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ സാധിക്കുകയുള്ളു. വീടുകൾ കത്തിക്കുന്നു. പള്ളികൾ തകർക്കുന്നു. വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണ്’- ജോസഫ് വാൾട്ടെ പറഞ്ഞു.